സാഹിത്യലോകത്തെ നിത്യസഞ്ചാരി
#എസ്_കെ_പൊറ്റെക്കാട്ട്..
മലയാളത്തിലെ യാത്രാ വിവരണ സാഹിത്യ പ്രസ്ഥാനത്തിന് സുവർണ്ണശോഭ നൽകിയ സാഹിത്യകാരനായിരുന്നു എസ് കെ പൊറ്റെക്കാട്ട്. സഞ്ചാരസാഹിത്യത്തിന്റെ കുലപതിയെന്നും സാഹിത്യലോകത്തെ നിത്യസഞ്ചാരിയെന്നും എസ്കെ അറിയപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച പ്രതിഭാശാലിയായ ഈ എഴുത്തുകാരൻ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും തന്റെ കൃതികളിലൂടെ വായനക്കാരനെ കൊണ്ടുപോയി. കാപ്പിരികളുടെ നാടും പാതിരാ സൂര്യന്റെ നാടും നെയിൽ നദിയും ബാലി ദ്വീപും കണ്ട് സഞ്ചാരപ്രിയരായ വായനക്കാർ അത്ഭുതപ്പെട്ടു. 1980-ൽ ശങ്കരൻകുട്ടി പൊറ്റെക്കാട്ടിലൂടെ ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം രണ്ടാമതും മലയാളത്തിന് സ്വന്തമായി. സഞ്ചാര സാഹിത്യത്തിൽ സമാനതകളില്ലാത്ത എസ്കെ, മലയാളിക്ക് യാത്രയുടെ ലഹരി എഴുതി പകർന്നു
ശങ്കരൻക്കുട്ടി പൊറ്റക്കാട് എന്ന എസ് കെ പൊറ്റക്കാട് 1913 മാർച്ച് 14-ന് കോഴിക്കോട് പുതിയറയിലായിരുന്നു ജനനം. കോഴിക്കോട് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കുഞ്ഞിരാമൻ പൊറ്റക്കാട്ടിന്റെയും കിട്ടൂലിയുടെയും മകനായിരുന്നു എസ്കെ, കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച എസ്കെ കോഴിക്കോട് സാമൂതിരി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. അതിനുശേഷം കുറെക്കാലം കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തിൽ അധ്യാപകനായി. താൻ ആരായിത്തീരണമെന്ന് അക്കാലത്തുതന്നെ എസ്കെ തീരുമാനിച്ചിരുന്നു. അദ്ദേഹം ഡയറിയിൽ ഇങ്ങനെ എഴുതി “ഭാവിയെപ്പറ്റിയുള്ള ചിന്ത എന്നെ വേദനിപ്പിക്കുന്നു. ഇന്ത്യവിട്ടു മറ്റു രാജ്യങ്ങളിൽ പര്യടനം നടത്താൻ മനസിൽ കൊതി തോന്നുന്നു.”
ഐതിഹാസിക യാത്രകളുടെ തുടക്കം
1939-ൽ ജോലി രാജിവച്ചു സ്വാതന്ത്ര്യസമരത്തിന്റെ തീച്ചുളയിലേക്ക് എടുത്തുചാടിയ പൊറ്റെക്കാട്ട് മുഹമ്മദ് അബ്ദർ റഹ്മാൻ സാഹിബിനിനൊപ്പം ത്രിപുരയിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. ഈ യാത്രയാണ് അദ്ദേഹത്തെ സഞ്ചാര പ്രേമിയാക്കിയത്. 1940-ൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സഞ്ചരിക്കുകയുണ്ടായി. 1942-ൽ “ക്വിറ്റ് ഇൻഡ്യ” സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ രഹസ്യ രാഷ്ട്രീയ പ്രവർത്തനം നടത്തി. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ മുംബൈയ്ക്ക് വണ്ടികയറി. 1945 വരെ മുംബൈയിൽ ഗുമസ്തനായി ജോലി നോക്കി. തുടർന്ന് വീണ്ടും ഭാരതപര്യടനത്തിന് തയ്യാറായി. മുംബൈയിൽ നിന്ന് കശ്മീരിലേക്ക് പോയി. പ്രകൃതി രമണീയമായ ദൃശ്യങ്ങളും സുന്ദര തടാകങ്ങളും മഞ്ഞുമലകളും പച്ചപുതച്ച താഴ്‌വാരങ്ങളും അദ്ദേഹത്തെ ഏറെ മോഹിപ്പിച്ചു. ഏഷ്യാ ഭൂഖണ്ഡത്തിലെ പ്രധാന പർവ്വതനിരയായ ഹിമാലയം വരെ ആ യാത്ര തുടർന്നു. 1945 മുതൽ തന്നെ ആ സ്വപ്ന സഞ്ചാരി തന്റെ യാത്രാവിവരണങ്ങൾ എഴുതി തുടങ്ങി.
949-ൽ ആയിരുന്നു ആദ്യവിദേശ പര്യടനം. ഒമ്പതുമാസം ആഫ്രിക്കയിലും ആറ് മാസം യൂറോപ്പിലുമായി യാത്ര തുടർന്നു. കപ്പൽമാർഗം ആഫ്രിക്കയിലേക്ക് പോകുന്ന എസ്കെയെ യാത്രയാക്കവെ പ്രശസ്ത നിരൂപകൻ കുട്ടികൃഷ്ണമാരാർ അദ്ദേഹത്തോട് ചോദിച്ചു. “ലോകത്തെ എത്രയോ നല്ല രാഷ്ട്രങ്ങൾ ഉണ്ടെന്നിരിക്കെ എസ്കെ എന്തിന് ഇരുണ്ട ആഫ്രിക്കയിലേക്ക് പോവുന്നു.” “പച്ചയായ മനുഷ്യരെ കാണാനും പഠിക്കാനുമാണ് ഞാൻ ആഫ്രിക്കയിലേക്ക് പോവുന്നത്.” എന്നാണ് എസ്കെ മറുപടി പറഞ്ഞത്. യൂറോപ്പ്, അമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി സന്ദർശിച്ച എസ്കെ അവിടങ്ങളിലെ മനുഷ്യരുമായി ഇടപഴകാനും താൽപര്യം കാട്ടി. ഇത്തരം യാത്രകളിൽ ലഭിച്ച അനുഭവങ്ങളാണ് മലയാളിയെ എക്കാലത്തും ആകർഷിക്കുന്ന സഞ്ചാരസാഹിത്യമായി പുറത്തുവന്നത്.
തലശേരിയിൽ ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോഴാണ് ജയവല്ലിയെ എസ്കെ ആദ്യമായി കണ്ടുമുട്ടുന്നതും 1950 തോടുകൂടി വിവാഹം ചെയ്യുന്നതും. 1955ൽ ഹെൽസിങ്കിയിൽ വച്ച് നടന്ന ലോക സമാധാന സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘാംഗമായി ഫിൻലന്റ്, സോവിയറ്റ് യൂണിയൻ, ചെക്കോസ്ലാവാക്യ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
സാഹിത്യവഴി
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യകഥ എഴുതിയത്. എന്നാൽ അത് വെളിച്ചം കണ്ടില്ല. 1928ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളജ് മാഗസിനിൽ വന്ന “രാജനീതി” എന്ന കഥയായിരുന്നു അത്. 1931-ൽ “ദീപം” മാസികയിൽ “ഹിന്ദു മുസ്ലീം മൈത്രി” എന്ന കഥ അച്ചടിച്ചുവന്നു. “പ്രഭാതകാന്തി”യാണ് ആദ്യ കവിതസമാഹാരം. 1939-ൽ ബോംബെയിൽ വച്ച് രചിച്ച “നാടൻ പ്രേമം” എന്ന നോവലോടെയാണ് സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. “അരുണൻ” എന്നൊരു തൂലികാനാമമുണ്ടായിരുന്നു പൊറ്റക്കാട്ടിന്. ഈ പേരിൽ എഴുതിയ ആക്ഷേപഹാസ്യ ലേഖനങ്ങൾ 1947-ൽ “പൊന്തക്കാടുകൾ” എന്ന പേരിൽ സമാഹാരമായി പുറത്തുവന്നു.
വല്ലികാദേവി, നാടൻപ്രേമം, പ്രേമശിക്ഷ, മൂടുപടം, വിഷകന്യക, കറാബു, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, കുരുമുളക്, കബീന, കാര്യസ്ഥൻ തുടങ്ങിയ നോവലുകളും, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശിൽപി എന്നീ കവിതാ സമാഹാരങ്ങളും ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, നിശാഗന്ധി, പുള്ളിമാൻ, മേഘമാല, ജലതരംഗം, വൈജയന്തി, കാട്ടുചെമ്പകം തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും അദ്ദേഹം കൈരളിയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൂടുപടം, നാടൻ പ്രേമം, പുള്ളിമാൻ, ഞാവൽപ്പഴങ്ങൾ, ഒട്ടകം, കടവ് എന്നീ രചനകൾ സിനിമകളായി. കടവിന് 1991 ലെ സംസ്ഥാന അവാർഡ് ലഭിച്ചു. എന്റെ വഴിയമ്പലങ്ങൾ, സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ എന്നീ സ്മരണകളും എഴുതി. ഒരു ദേശത്തിന്റെ കഥയ്ക്കാണ് ജ്ഞാനപീഠം ലഭിച്ചത്.
1957-ൽ തലശ്ശേരിയിൽ നിന്നു പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1962-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നും തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തും വാഗ്മിയുമായ ഡോ. സുകുമാർ അഴിക്കോടിനെയാണ് 60,000 വോട്ടിന് പൊറ്റെക്കാട്ട്് പരാജയപ്പെടുത്തിയത്. കേരള സാഹിത്യ അക്കാദമി, മലബാർ കേന്ദ്രകലാസമിതി തുടങ്ങിയവയിൽ അംഗവും സജീവ പ്രവർത്തകനുമായിരുന്ന അദ്ദേഹം 1982 ആഗസ്റ്റ് 6-ന് 69-ാം വയസിൽ മരണത്തിന്റെ പാതയിലൂടെ നടന്നകന്നു. പൊറ്റെക്കാട്ടില്ലാത്ത കൈരളിയുടെ ഏറെ വർഷങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ജീവൻ തുടിയ്ക്കുന്ന സൃഷ്ടികൾക്ക് ഇന്നും ആസ്വാദകർ ഏറെയുണ്ട്.
No comments:
Post a Comment