കടലെടുത്തുപോയ കാവേരിപൂംപട്ടണം
-------------------------------------------------------------
പ്രാചീന തമിഴകത്തെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു കാവേരിപൂംപട്ടണം. പുഹാർ,പൂംപുഹാർ,പുകാർ,ചോളപട്ടണം,ചമ്പാവതി എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു.
കാവേരി നദി കടലിൽ പതിക്കുന്ന സ്ഥാനത്തിന് അടുത്തായാണ് ഇത് സ്ഥിതിചെയ്തിരുന്നത്.ഇന്നത്തെ നാഗപട്ടണം,കടലൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലായി.പ്രാചീന ചോളരുടെ ഒരു തലസ്ഥാന നഗരി കൂടിയായിരുന്ന പുഹാറിനെകുറിച്ച് സംഘസാഹിത്യ കൃതികളിൽ ധാരാളം പരാമർശങ്ങളുണ്ട്.അകനാനൂറ്,പുറനാനൂര്,പട്ടിണ പാലൈ തുടങ്ങിയ സംഘം കൃതികളിലും ചിലപ്പതികാരം,മണിമേഖല തുടങ്ങിയ ഇതിഹാസ കാവ്യങ്ങളിലുമെല്ലാം ഈ നഗരത്തെകുറിച്ചുള്ള വർണ്ണനകളുണ്ട്.സമുദ്ര യാത്രാ വിവരണമായ പെരിപ്ളസ് മാർ എറിത്രിയ എന്ന ഗ്രീക്ക് കൃതിയിലും(CE ഒന്നാം നൂറ്റാണ്ട്)
പ്ളിനിയുടെയും ടോളമിയുടെയുമെല്ലാം വിവരണങ്ങളിലും കാവേരിപൂം പട്ടണത്തെകുറിച്ച് പറയുന്നുണ്ട്.ടോളമി(രണ്ടാം നൂറ്റാണ്ട്) കബ്രീസ് എംപോറിയം എന്നു വിളിച്ചത് ഈ നഗരത്തെയാണ്.കേരളത്തിലെ മുരചി പട്ടണം(മുസരിസ്),കലിംഗരുടെ താമ്രലിപ്തി എന്നിവപോലെ പ്രാചീനകാലത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായിരുന്നു ഇവിടം.കൂടാതെ തമിഴകത്തെ ഒരു പ്രധാന നഗരവും.തമിഴ് സംസ്കൃതിയുടെ കേദാരമായ ഇവിടം പിന്നീട് എപ്പോഴോ കടൽ ക്ഷോഭത്തിൽ പെട്ട് തകർന്നു പോവുകയും വിസ്മൃതിയിലാണ്ടുപോവുകയും ചെയ്തു.
തമിഴ് നാട് സർക്കാരിൻറ പ്രോൽസാഹനത്തോടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഖനനങ്ങളിൽ പ്രാചീന നഗരിയുടെ പല അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
പുഹാർ സംഘസാഹിത്യത്തിൽ
------------------------------------------------
പുരാതന പുഹാർ നഗരിയെകുറിച്ചുള്ള വിവരണങ്ങൾക്ക് പ്രധാനമായും സംഘസാഹിത്യ കൃതികൾ തന്നെയാണ് ആശ്രയം.പല പ്രാചീന തമിഴ് കൃതികളും കാവേരിപൂം പട്ടണത്തെ കുറിച്ച് വർണ്ണിക്കുന്നുണ്ട്.വലിയ വലിയ കപ്പലുകൾക്ക് സുഗമമായി വന്നെത്താവുന്ന തുറമുഖമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് അകനാനൂറ് എന്ന കൃതിയിൽ പറയുന്നു.
നഗരത്തിൻറ ഘടനയെകുറിച്ച് ചിലപ്പതികാരം,മണിമേഖല,പട്ടിനപാലൈ തുടങ്ങിയ കൃതികളിൽ വിവരണമുണ്ട്.ചിലപ്പതികാരത്തിൻറ ആദ്യ ഭാഗം പുകാർ കാണ്ഡം എന്നറിയപ്പെടുന്നു.പൂംപുഹാറിൽ നടക്കുന്ന കഥകളാണ് ഈ ഭാഗത്ത് വരുന്നത്.കാവേരിപൂം പട്ടണത്തിലെ ഒരു സമ്പന്ന നാവികൻറ(മാനായ്ക്കൻ)മകളായ കണ്ണകിയും ഇവിടുത്തെ തന്നെ ഒരു കീർത്തികേട്ട വണിക്കിൻറ(മാചാത്തവൻ)മകനായ കോവലനും ആണല്ലോ ചിലപ്പതികാരത്തിലെ നായികാനായകൻമാർ.ചിലപ്പതികാരം പുകാർ കാണ്ഡം ഈ നഗരിയെ കുറിച്ച് വളരെയേറെ വർണ്ണിക്കുന്നുണ്ട്.കാവ്യകല്പനകളെ ഒഴിച്ചു നിർത്തിയാൽ പ്രാചീന നഗരിയെ കുറിച്ചും സംഘകാല ജീവിത്തെ കുറിച്ചുമുള്ള ഒരു നല്ല ചിത്രം ഇവയിൽ നിന്നു ലഭിക്കും.
കാവേരി നദിയുടെ പതനസ്ഥാനത്തിന് അടുത്തായി നദിയുടെ വടക്കേ കരയിലാണ് നഗരം സ്ഥിതിചെയ്തിരുന്നത്.മരുവൂർ ഭാഗമെന്നും പട്ടിന ഭാഗമെന്നും നഗരത്തെ രണ്ട് ഭാഗങ്ങളായി തിരിക്കാം.
മരുവൂർ ഭാഗം കടൽക്കരയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.യവനരുടെയും(ഗ്രീക്കുകാർ),മറ്റ് പല വിദേശികളുടെയും വാസസ്ഥലം ഇവിടെയാണ്.മരക്കലം(കപ്പൽ)കൊണ്ടു വരുന്ന സമ്പത്തിനോടൊപ്പം ജന്മദേശം വിട്ടുവന്ന അവർ തദ്ദേശ വാസികളോടൊപ്പം ഇടകലർന്നു ജീവിക്കുന്നു.ഇവിടുത്തെ തെരുവുകളിൽ പലതരം വില്പനക്കാർ ചുറ്റിത്തിരിയുന്നു.സുഗന്ധദ്രവ്യങ്ങൾ,പൂവ്,മാല,അകിൽ,ചന്ദനം തുടങ്ങിയ വസ്തുക്കളാണ് ഇവർ വില്പന നടത്തുന്നത്.പട്ടുനൂലുകൊണ്ടും പരുത്തിനൂലുകൊണ്ടും ചിത്രവേലകൾ തുന്നുന്ന പട്ടുച്ചാലിയരുടെ തെരുവ് ഒരുഭാഗത്തു കാണാം.പട്ടും പവിഴവും,പൊന്നും മുത്തും ചന്ദനവും അകിലും അളവില്ലാതെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകളാണ് മറ്റൊരു ഭാഗത്ത്.വേറൊരിടത്താണ് ധാന്യക്കട തെരുവ്.ഒൻപത് തരം ധാന്യങ്ങളുടെയും കച്ചവടം ഇവിടെ പൊടിപൊടിക്കുന്നു.
. . പലഹാരങ്ങൾ ഉണ്ടാക്കി വില്ക്കുന്ന കാഴിയരും കൂവിയരും കള്ളു വിൽക്കുന്ന വലൈച്ചിയർ,മീൻ വിൽക്കുന്ന പരതവർ,ഉപ്പു വിൽക്കുന്ന ഉമണർ,അഞ്ചു തരം സുഗന്ധ ദ്രവ്യങ്ങൾ വിൽക്കുന്നവർ,ആട്ടിറച്ചി കച്ചവടക്കാർ തുടങ്ങിയവരെയൊക്കെ തെരുവിൻറ വിവിധ ഭാഗങ്ങളിലായി കാണാം.
എണ്ണയാട്ടുന്നവർ(ഓച്ചുനർ) തിങ്ങിപ്പാർക്കുന്ന ഇടങ്ങളും വെങ്കല പണിക്കാർ(കഞ്ചകാരർ),ചെമ്പുപാത്ര പണിക്കാർ
മരപ്പണിക്കാരായ
തച്ചൻമാർ,കൊല്ലൻമാർ,ചിത്രമെഴുത്തുകാർ ശില്പികൾ,സ്വർണ്ണപ്പണി തട്ടാൻമാർ,രത്നപ്പണി തട്ടാൻമാർ,തുന്നൽക്കാർ,തുണികൊണ്ടും മറ്റും പലതരം രൂപങ്ങൾ ഉണ്ടാക്കുന്നവർ തുടങ്ങിയവരുടെയെല്ലാം വസതികളും വീണ,കുഴൽ തുടങ്ങിയ സംഗീത ഉപകരണങ്ങളിൽ വൈദഗ്ദ്യമുള്ളവരുടെ വാസസ്ഥാനങ്ങളുമെല്ലാം ഈ മരുവൂർ ഭാഗത്ത് നിലകൊള്ളുന്നു.
നഗരത്തിൻറ കിഴക്കു ഭാഗത്താണ് പട്ടിന ഭാഗം.വിശാലമായ രാജവീഥികളും കൊടികൾ പാറിപ്പറക്കുന്ന രഥങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതകളും നിറഞ്ഞ ഇവിടെ കുലീനരായ വണിക്കുകളുടെ രമ്യഹർമ്മ്യങ്ങൾ സ്ഥിതിചെയ്യുന്ന തെരുവുകൾ,ബ്രാഹ്മണരുടെ ഗൃഹങ്ങൾ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നു.കർഷകർ,കർഷക തൊഴിലാളികൾ,ആയുർവ്വേദ വൈദ്യൻമാർ,ജ്യോതിഷികൾ,അരങ്ങത്താടുന്ന ഗണികമാർ,വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നവർ,ഉത്സവ വാദ്യങ്ങൾ മുഴക്കുന്നവർ,കുതിരകളെ നയിക്കുന്നവർ,ആനകളെ പരിപാലിക്കുന്നവർ,തേരാളികൾ,പടത്തലവൻമാർ,വാരനാരികൾ തുടങ്ങിയവരൊക്കെ പട്ടിന ഭാഗത്ത് അധിവസിച്ചു വരുന്നു.രാജാവിൻറ അരമനയോടു ചേർന്ന് വലിയ വലിയ വീടുകളിൽ വസിക്കുന്ന പൗരപ്രമുഖൻമാരുടെ വസതികളും ഈ ഭാഗത്താണ്..
നഗരത്തിൻറ രണ്ടുഭാഗങ്ങളായ മരുവൂർ ഭാഗത്ത്നും പട്ടിന ഭാഗത്തിനും ഇടയിലാണ് നാളങ്ങാടി(പകലങ്ങാടി) സ്ഥിതി ചെയ്യുന്നത്.ഇവിടെയാണത്രെ നഗരം കാക്കുന്ന കാവൽ ഭൂതത്തിൻറ സ്ഥാനം.പുഹാർ നിവാസികളുടെ പ്രധാന ആഘോഷമായ ഇന്ദ്രോൽസവത്തിൻറ ഭാഗമായി ഇവിടെ വിവിധ ചടങ്ങുകൾ നടത്താറുണ്ട്..
ഇന്ദ്രോൽസവം.
------------------------
ചിത്തിര മാസത്തിലെ പൗർണ്ണമി നാളിലാണ് കാവേരിപൂം പട്ടണത്തിൽ ഇന്ദ്രോൽസവം അഥവാ ഇന്ദ്രവിഴ ഗംഭീരമായി ആഘോഷിച്ചിരുന്നത്.ആഘോഷത്തിൻറ ഭാഗമായി ആദ്യം കാവൽ ഭൂതത്തെ പ്രീതിപ്പെടുത്തുന്ന ചടങ്ങ് നടക്കുന്നു.മുചുകുന്ദൻ എന്ന തങ്ങളുടെ പ്രാചീന രാജാവിനോടുള്ള ബഹുമാനാർത്ഥം ദേവരാജാവായ ഇന്ത്രൻറ ആജ്ഞ പ്രകാരം ദേവലോകത്തു നിന്നുവന്ന കാവൽഭൂതം നഗരത്തെ കാക്കുന്നു എന്നാണ് ജനവിശ്വാസം.ഭൂതസ്ഥാനത്തിനു മുൻപാകെ സ്ത്രീകൾ നിവേദ്യങ്ങൾ അർപ്പിക്കുകയും പുരുഷൻമാർ ബലികർമ്മങ്ങൾ നടത്തുകയും ചെയ്യുമത്രെ.
തുടർന്ന് ഉത്തരേന്ത്യൻ രാജാക്കൻമാർ ചോളരാജാവിനു സമർപ്പിച്ച മുത്തുപന്തൽ,വിദ്യാമണ്ഡപം,ശില്പതോരണം എന്നിവ സ്ഥാപിച്ച മണ്ഡപത്തിൽ ആഘോഷച്ചടങ്ങുകൾ നടക്കുന്നു.(തമിഴകത്ത് തന്നോട് ഏറ്റുപൊരുതാനുള്ള രാജാക്കൻമാരെ പടിഞ്ഞാറും തെക്കുമുള്ള രണ്ടു ദിക്കിലും കിട്ടാഞ്ഞിട്ട് വലിയ യുദ്ധക്കൊതിയനായ കരികാലചോഴൻ ഉത്തര ദിക്കിലെങ്കിലും ശത്രുക്കളെ കിട്ടിയേക്കുമെന്നു കരുതി അങ്ങോട്ടു തിരിക്കുകയും വഴിമുടക്കി നിൽക്കുന്ന ഹിമാലയം കണ്ട് ക്രുദ്ധനായി അവിടെ തൻറ പുലിക്കൊടി നാട്ടി യാത്ര തുടരാനുള്ള ആഗ്രഹം വെടിഞ്ഞ് തിരികെ പോരുകയും ചെയ്തുപോൽ!)
മനിർവേലി വച്ചിരനന്നാട്ടു-
ക്കോതിറൈ കൊടുത്തു കെറ്റപ്പന്തരു.
മകതനന്നാട്ടു വാൾവായ് വേന്തൻ
പകൈപുറത്തു കൊടുത്തു പട്ടിമണ്ഡപമു
മവന്തിവേന്തനു വന്തനൻ കൊടുത്തു
നിവന്തോങ്കു മരവിറ്റോരണവായിലും.
(ചിലപ്പതികാരം)
അതായത് ചോളരാജാവിൻറ ആ യാത്രക്കിടെ വജ്രനാട്ടിൻറ അധിപതി തൻറ വിശിഷ്ടമായ മുത്തുപ്പന്തൽ ചോഴന് സമർപ്പിച്ചു.എതിർത്തു പൊരുതി പരാജയപ്പെട്ട മഗധ രാജാവ് വിദ്യാ മണ്ഡപമാണ് സമർപ്പിച്ചത്.സൗഹൃദം സ്ഥാപിച്ച അവന്തി രാജാവ് കൊടുത്തതാവട്ടെ തൻറ വിശിഷ്ടമായ തോരണവുമാണ്.
രത്നങ്ങളാലും മറ്റ് വിശിഷ്ട വസ്തുക്കളാലും നിർമ്മിക്കപ്പെട്ട ഇവയെല്ലാം സ്ഥാപിച്ചിട്ടുള്ള മണ്ഡപത്തിലും ഇലഞ്ഞി മന്നം,പാവമന്നം,വെള്ളിമന്നം,നെടുങ്കൽ മന്നം,ഭൂത ചതുഷ്കം എന്നിങ്ങനെ അഞ്ചു മന്നങ്ങളിലും ചടങ്ങുകൾ നടക്കുന്നു.തുടർന്ന് ഇന്ദ്രായുധത്തെ ആനപ്പുറത്ത് എഴുന്നള്ളിച്ച് ഐരാവതക്കോട്ടത്തിൽ എത്തിക്കുന്നു.(പുഹാറിൽ ഇന്ദ്രൻറ കോവിലും ഐരാവതം,കല്പവൃക്ഷം,വജ്രായുധം എന്നിവയ്ക്കു പ്രത്യേക സ്ഥാനങങളും ഉണ്ടായിരുന്നു)
തുടർന്ന് ഉത്സവാഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ഐരാവതക്കൊടി ഉയർത്തുന്നു. (ഇന്ദ്ര വാഹനമായ ഐരാവതം എന്ന ആനയെ ചിത്രീകരിച്ചിരിക്കുന്ന കൊടി).മകര തോരണങ്ങൾ,പൂർണ്ണ കുംഭങ്ങൾ,മുളം പാലികകൾ,പാവ വിളക്കുകൾ,പതാകകൾ,വെഞ്ചാമരങ്ങൾ,എന്നിവയാൽ അലംകൃതമായ പുകാർ നഗരി ഇതോടെ ഉത്സവച്ഛായയിലമരുന്നു.
ഇന്ദ്രോൽസവത്തിലെ ഒരു പ്രധാന ചടങ്ങാണ് ഇന്ദ്രനെ അഭിഷേകം ചെയ്യൽ.ഐംപെരും കഴുവും(മന്ത്രിമാർ,പുരോഹിതൻമാർ,സേനാപതികൾ,ദൂതൻമാർ,ചാരണർ) എൺപെരും കഴുവും (രാജകുമാരൻമാർ,വണിക്കുകൾ,അശ്വാരൂഢർ,ഗജാരൂഢർ,തേരാളികൾ തുടങ്ങിയവർ) ഒത്തുകൂടുന്നു.അവരെല്ലാം തങ്ങളുടെ രാജാവിന് വിജയം നേർന്നു കൊണ്ട് കാവേരിയിലെ നിർമ്മല ജലം സ്വർണ്ണകുംഭങ്ങളിലാക്കി ഇന്ദ്രനെ അഭിഷേകം ചെയ്യുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ശിവൻ,മുരുകൻ,ബലരാമൻ,ശ്രീകൃഷ്ണൻ,ഇന്ദ്രൻ തുടങ്ങിയവരുടെ കോവിലുകളിലെല്ലാം ചടങ്ങുകൾ നടക്കുന്നു.ബുദ്ധ വിഹാരങ്ങളിലും ധർമ്മാരാഗങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലുമെല്ലാം മഹത്തുക്കളുടെ ധർമ്മപ്രബോധനങ്ങൾ നടക്കുന്നു. (കാവേരിപൂംപട്ടണത്തിൽ ഏഴ് ബുദ്ധവിഹാരങ്ങളും ഉണ്ടായിരുന്നുവത്രെ).സംഗീതവും നൃത്തവുമൊക്കെയായി ജനം രാപകൽ ഉൽസവ ലഹരിയിൽ കഴിഞ്ഞുകൂടുന്നു.
. ഉൽസവത്തോട് അനുബന്ധിച്ച് രാജാവിനോട് വിരോധം പൂണ്ടതിനാൽ തടവിലാക്കപ്പെട്ട ശത്രുരാജാക്കൻമാരെയും മറ്റും മോചിപ്പിക്കാറുമുണ്ട്.
. സംഘ സാഹിത്യ കൃതികൾ പ്രാചീന നഗരിയെ കുറിച്ചും ജനജീവിതത്തെ കുറിച്ചുമുള്ള ഒരു നല്ല ചിത്രം തന്നെയാണ് നൽകുന്നത്.CE രണ്ടാം നൂറ്റാണ്ടിലാണ് ചിലപ്പതികാരത്തിൻറ കാലമായി പൊതുവെ കണക്കാക്കപ്പെടുന്നത്.
ചരിത്രാവശേഷിപ്പുകൾ
------------------------------------
ചരിത്രാതീത കാലം മുതൽ തമിഴ് സാംസ്കാരിക പെരുമയുടെ പ്രതീകമായി നിലകൊണ്ട പൂംപുഹാർ നഗരിയെ പിന്നീട് കടൽ വിഴുങ്ങിക്കളഞ്ഞു.പുഹാർ പല തവണ കടലാക്രമണങ്ങൾക്ക് വിധേയമായതായും പുനർനിർമ്മിക്കപ്പെട്ടതായും കരുതുന്നുണ്ട്.ഇന്ദ്രവിഴ ആഘോഷിക്കുന്നതിൽ ഒരു ചോളരാജാവ് വീഴ്ചവരുത്തുകയും അനന്തരം കടൽക്ഷോഭമുണ്ടായി നഗരത്തിൻറ സിംഹഭാഗവും കടലെടുത്തു പോവുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം.ഒരു വൻ പ്രകൃതിക്ഷോഭവും സുനാമിയും ഉണ്ടായതിൻറ ഫലമായി കാവേരിപൂം പട്ടണം പാടെ തകർന്നുപോയതായി കണക്കാക്കാം(സമീപകാലത്ത് ധനുഷ്കോടിയും മറ്റും നശിച്ചുപോയതു പോലെ).ക്രിസ്ത്വബ്ദം ആദ്യ നൂറ്റാണ്ടുകളിലെപ്പോഴോ ആവാം പുഹാറിനെ പാടെ തകർത്തുകളഞ്ഞ പ്രകൃതിക്ഷോഭം ഉണ്ടായത്.
പിന്നീട് പല്ലവരുടെ കാലത്തും പിൽക്കാല ചോളരുടെ കാലത്തും നഗരം പുനർനിർമ്മിക്കപ്പെട്ടിരുന്നുവെങ്കിലും പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു.മുസ്സിരിസ്സിനും മറ്റും സംഭവിച്ചതുപോലെ ഭൂമിശാസ്ത്രപരമായി തന്നെ മാറ്റം സംഭവിക്കുകയും തുറമുഖ നഗരമെന്ന ഖ്യാതി പുഹാറിന് നഷ്ടപ്പെടുകയും ചെയ്തിരിക്കാം.ഇന്നു കാണുന്ന സായവനം,പല്ലവനീശ്വരം,മേലപ്പെരുവല്ലം,കീഴയൂർ,വനഗിരി തുടങ്ങിയ ഗ്രാമങ്ങൾ കടലെലടുത്തുപോയ കാവേരിപൂംപട്ടണത്തിൻറ അവശേഷിച്ച ഭാഗങ്ങളായി കണക്കാക്കുന്നു.
പുരാവസ്തു ഉദ്ഖനനങ്ങളിൽ പഴയ പുഹാർ നഗരത്തിൻറ പല അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.മധ്യപ്രദേശിലെ സാറ്റ്ന ജില്ലയിൽനിന്നു ലഭിച്ച ബർഹട്ട് സ്തൂപത്തിൽ കാവേരിപട്ടണത്തെ കുറിച്ച് സൂചനയുണ്ട്.പല്ലവനേശ്വരം ക്ഷേത്ര ലിഖിതത്തിലും നഗരത്തെകുറിച്ച് പരാമർശം കാണാം.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെയും നേതൃത്വത്തിൽ കരയിലും കടലിലുമായി നടത്തിയ ഉദ്ഖനനങ്ങളിൽ പല ചരിത്രാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.bce മൂന്നാം നൂറ്റാണ്ടിലെ ചില കെട്ടിടാവശിഷ്ടങ്ങൾ,ബുദ്ധവിഹാരത്തിൻറ അവശിഷ്ടം എന്നിവ എടുത്തുപറയേണ്ടതാണ്.കൂടാതെ ധാരാളം നാണയങ്ങൾ,ആഭരണങ്ങൾ തുടങ്ങിയവയും കണ്ടെടുത്തവയിൽ പെടും.ഇവയെല്ലാം പുഹാറിലെ ചിലപ്പതികാരം ആർട് ഗ്യാലറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ സഹായത്തോടെ നടത്തിയ സമുദ്രാന്തർ ഉൽഖനനത്തിൽ ഒരു യു ഷെയ്പ്(U' shape)കോട്ടയുടെ അവശിഷ്ടം ലഭിക്കുകയുണ്ടായി.കാർബൺ ഡേറ്റിംഗിൽ ഇത് bc മൂന്നാം നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.ഇതിൻറ അടിഭാഗം സമുദ്രോപരിതലത്തിൽ നിന്ന് 23 മീറ്റർ ആഴത്തിലാണ്.ഇത് മുൻപ് കരയിൽ പണിത ഒരു നിർമ്മിതിയുടെ അവശിഷ്ടമെങ്കിൽ സമുദ്രനിരപ്പ് അത്രയും താഴ്ന്നിരുന്ന കാലഘട്ടം കുറഞ്ഞ് 9000 വർഷം മുൻപ് എങ്കിലും ആകണം എന്ന് ബ്രിട്ടീഷ് പര്യവേഷകനായ ഗ്രഹാം ഹാൻകൊക്കിനെ(Graham hancock) ഉദ്ദരിച്ചുകൊണട് ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി.രസകരമെന്നു പറയട്ടെ,ഇതോടെ ചില തമിഴ് പൈതൃക വാദികൾ തങ്ങളുടെ സമുദ്രത്തിലാണ്ടുപോയതായി പറയപ്പെടുന്ന പ്രാചീന സംഘകാല ദേശത്തെ കുറിച്ചുള്ള അവകാശവാദം പുറത്തെടുത്തിരിക്കുകയാണ്.അതായത് തമിഴിൽ മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നതായി കരുതുന്നതിൽ അവസാന സംഘം മാത്രമാണ് ചരിത്രത്തിൻറ ഭാഗമായി കണക്കാക്കപ്പെടുന്നുള്ളൂ.ആദ്യ രണ്ട് സംഘങ്ങളും ഏറെക്കുറെ മിത്ത് ആണ്.ആദി സംഘത്തിൻറ ആസ്ഥാനമായ ദക്ഷിണ മധുരയും ഇടൈ ചങ്കത്തിൻറ ആസ്ഥാനമായ കപാടപുരവും സമുദ്രത്തിൽ ആണ്ടുപോയതാണത്രെ.എന്നാൽ എന്തെങ്കിലും ചരിത്രാവശേഷിപ്പുകൾ ഇല്ലാതിടത്തോളം ഇത് വെറും മിത്ത് ആയേ കണക്കാക്കപ്പെടുകയുള്ളൂ.ഗ്രീക്കുകാരുടെ അറ്റ്ലാൻിസും മറ്റും പോലെ...
No comments:
Post a Comment