മൊബെയിൽ ഫോൺ ദുരുപയോഗം മണ്ണിനെ വിഷമയമാക്കും
ഇലക്ട്രോണിക് മാലിന്യങ്ങൾ മിക്കവയും മണ്ണിനും മനുഷ്യനും ഒരുപോലെ അപകടം വരുത്തുന്നവയാണ്. ഒരു കമ്പ്യൂട്ടറിൽ നൂറിലേറെ മാരകമായ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു ടിവിയിലും അത്രയും തന്നെ വിഷപദാർഥങ്ങളുണ്ട്. സർക്യൂട്ട് ബോർഡുകൾ വിളക്കിചേർക്കാൻ ഉപയോഗിക്കുന്ന ലെഡ് (ഈയം) വലിയ വിഷ മാലിന്യമാണ്. ഇവ മണ്ണിൽ കലരുന്നത് മണ്ണിന്റെ ഉൽപാദനക്ഷമത ഇല്ലാതാക്കും. വിളകൾക്ക് നാശമുണ്ടാകും. ഒരു കമ്പ്യൂട്ടറിന്റെ ആയുസ് ശരാശരി ആറ് വർഷമായാണ് കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി വിതരണത്തിലെ അപാകതകൾ ഇതിന്റെ ആയുർദൈർഘ്യം ഇതിലും കുറയ്ക്കും. അപ്പോൾ നന്നാക്കാൻ ആവാത്തത് ഉപേക്ഷിക്കുന്നു. ഒരു ടിവിയുടെ ആയുസ് ശരാശരി പത്ത് വർഷമായാണ് കണക്കുകൂട്ടിയിരിക്കുന്നത്. അതിനിടെ ഉപഭോക്താവ് അത് മാറ്റും. ടെലിവിഷനിൽ ഉദ്ദേശം രണ്ട് കിലോ ലെഡ് ഉളളതായി കണക്കാക്കുന്നു. ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയിൽ കുമിഞ്ഞുകൂടുന്നു. മണ്ണിനെയും വെളളത്തിനെയും ഇത് മലിനപ്പെടുത്തും.
ഇ-വേസ്റ്റുകൾ ഏറെ പുറന്തളളുന്ന രാജ്യമാണ് ചൈന. പ്രതിവർഷം പത്ത് കോടി കമ്പ്യൂട്ടറുകളും നാല് കോടി ടെലിവിഷനുകളും ഇവിടെ ഉപേക്ഷിക്കുന്നു. ലോകത്താകമാനം വർഷംതോറും ഏഴരക്കോടി ഇലക്ട്രോണിക് ഉപകരണങ്ങൾ മാലിന്യക്കൂമ്പാരത്തിലേയ്ക്ക് തളളപ്പെടുന്നുണ്ട്. യുഎൻ റിപ്പോർട്ടനുസരിച്ച് 2014ൽ ഇ-മാലിന്യത്തിന്റെ 30 ശതമാനം ചൈനയിലും അമേരിക്കയിലുമാണ്. അമേരിക്കയ്ക്കാണ് ഒന്നാംസ്ഥാനം. ആളോഹരി ഇ-മാലിന്യോൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത് യൂറോപ്യൻ രാജ്യങ്ങളായ നോർവെ, സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ്, ഡെന്മാർക്ക്, യുകെ എന്നിവയാണ്. ഏറ്റവും കുറവ് ആഫ്രിക്കൻ രാജ്യങ്ങളുമാണ്. ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇ-മാലിന്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവർഷം 13 ലക്ഷം മെട്രിക് ടൺ ഉപകരണങ്ങളാണ് നാം വലിച്ചെറിയുന്നത്. മുംെബെ, ഡൽഹി, ബംഗളൂരു, ചെന്നൈ പോലുളള വൻകിട നഗരങ്ങൾ ഒരു ലക്ഷത്തോളം മെട്രിക് ടൺ ഇ-മാലിന്യമാണ് വർഷംതോറും പുറന്തളളിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം മണ്ണിൽ കുമിഞ്ഞുകൂടുന്നു. ലോകത്ത് ഇ-വേസ്റ്റിൽ 68 ശതമാനം കമ്പ്യൂട്ടറുകളാണ്. ഇവ മണ്ണിനും മനുഷ്യനും തീർക്കുന്ന കേടുപാടുകൾ വിവരണാതീതമാണ്. എന്നാൽ അടുത്തകാലംവരെ ഇ-മാലിന്യത്തിൽ മുന്നിൽ ടിവിയും കമ്പ്യൂട്ടറുകളുമാണെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ മൊബെയിൽ ഫോണുകളാണ് ഇ-മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. 2000-ൽ മൊബെയിൽ ഫോൺ മാലിന്യം ഏഴ് ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് അമ്പത് ശതമാനമായി വർധിച്ചിരിക്കുന്നു.
മൂന്ന് കോടി മൊബെയിൽ ഫോണുകളാണ് പ്രതിവർഷം ഇന്ത്യയിൽ ചവറ്റുകുട്ടയിലെത്തുന്നത്. കഴിഞ്ഞ വർഷം 130 ദശലക്ഷം മൊബെയിൽ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലെത്തി. ഇവയിൽ പകുതിയും പുതിയ ഉപഭോക്താവിന്റെ കൈയിലേയ്ക്കല്ല പോയത്. മൊബെയിൽ ഫോണിലെ ഏറ്റവും വലിയ വില്ലൻ അതിന്റെ ബാറ്ററിയാണ്. ചീത്തയായ ബാറ്ററി പുറത്തെറിയുമ്പോൾ അതിലെ മാരകമായ വിഷം പരിസ്ഥിതിയിൽ കലരുന്നു. ഇതിലെ കാഡ്മിയം എന്ന രാസവസ്തു മനുഷ്യന്റെ അസ്ഥിക്കും വൃക്കകൾക്കും കരളിനും മാരകമായ വിപത്തുകളായിരിക്കും സൃഷ്ടിക്കുക. ക്യാൻസർ മനുഷ്യകോശങ്ങളിൽ സൃഷ്ടിക്കാൻ എളുപ്പത്തിൽ ഇവയ്ക്കാകും.
മൊബെയിൽ ഫോൺ സാന്ദ്രത ഏറ്റവും വർധിച്ച കേരളം പോലുളള സംസ്ഥാനങ്ങളിൽ ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് ഭയാനകമായിരിക്കും. കാഡ്മിയം കൂടാതെ മാരകങ്ങളായ മെർക്കുറി തുടങ്ങിയ മൂലകങ്ങളും സംയുക്തങ്ങളും ഏറിയും കുറഞ്ഞും മിക്ക മൊബെയിൽ ഫോണുകളിലുമുണ്ട്. ജീവജാലങ്ങളുടെ ശ്വാസകോശത്തെയും ദഹനേന്ദ്രിയങ്ങളെയും ഇവ സാരമായി ബാധിക്കുന്നു.
മൊബെയിൽ ഫോൺ പ്രവർത്തിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത് അഭിമാനമായി കാണുന്നവരാണ് ഭൂരിഭാഗം ഉപഭോക്താക്കളും. സാങ്കേതിക വിദ്യയുടെ പുതിയ മാറ്റങ്ങൾ ഹാൻഡ്സെറ്റ് മാറ്റാൻ ഉപഭോക്താവിനെ നിർബന്ധിതമാക്കും. ആദ്യകാലത്ത് വന്ന ഫോണുകൾക്ക് ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും ഉണ്ടായിരുന്നു. അവ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാമെങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തര ഉപേക്ഷിക്കലുകൾ അനിവാര്യമാണ്. പക്ഷേ ഇന്ത്യയിലെ സ്ഥിതി അതല്ല. ഒന്നര വർഷമാണ് മൊബെയിൽ ഫോൺ മാറുന്നതിന്റെ സമയ ദൈർഘ്യം. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്. പ്രത്യേക കാരണങ്ങളില്ലാതെ ഫോൺ മാറുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ മാറ്റത്തിന്റെ ഭാഗമായി 3ജി, 4ജി സേവനങ്ങൾ കൂടുതൽ സെറ്റുകൾ പുതിയതായി മാറ്റപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. ഇതുമൂലം ഇ-മാലിന്യം വൻതോതിൽ കൂടുവാനായിരിക്കും സാധ്യത. ചുരുക്കത്തിൽ കമ്പ്യൂട്ടറും ടെലിവിഷനോടൊപ്പം മൊബെയിൽ ഫോണും മണ്ണിനെ മലിനീകരിക്കും എന്നതിൽ സംശയമില്ല. അതുവഴി നമ്മുടെ ആരോഗ്യവും അപകടത്തിലാകും
No comments:
Post a Comment