ആന്തമാൻ നിക്കോബാർ ദ്വീപുകൾ .
കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ് ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര് ലഭിച്ചത്.
ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ
കേന്ദ്ര ഭരണ പ്രദേശമാണിത്. ഇന്ത്യയുടെ പ്രധാന കരയേക്കാൾ മ്യാന്മറിനോടാണ് ഈ ദ്വീപുകൾക്ക് കൂടുതൽ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട് നരവംശ ശാസ്ത്രജ്ഞർക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ സ്ഥലം.
അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ആന്തമാൻ ദ്വീപു സമൂഹങ്ങളിൽ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപുകളിൽ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം 2200 വർഷങ്ങൾക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനൽ പരസ്പരം വേർതിരിക്കുന്നു.
വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളിൽ വടക്കേ ആൻഡമാൻ, മദ്ധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേർതിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടൽക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.
തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളിൽ ഏഴ് എണ്ണത്തിൽ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈൽ ആണ് ഇതിന്റെ വിസ്തീർണ്ണം.
No comments:
Post a Comment