LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Sunday, October 22, 2017

മാതാപിതാക്കളും മക്കളും


*മകൾക്ക് 2000 രൂപയുടെ ചുരിദാർ അമ്മയ്ക്ക് 150 രൂപയുടെ സാരി* By ഡോ.കൊച്ചു റാണി ജോസഫ് . എന്റെ അദ്ധ്യാപന ജീവിതത്തിൽ ഏറെ ചിന്തിപ്പിച്ച ഒരു സാമ്പത്തികവിഷയമാണ് ഇന്നത്തെ സ്മാർട്മണിയുടെ പ്രമേയം. വിദ്യാർത്ഥികളുടെ മാർക്ക്, ഹാജർനിലവാരം തുടങ്ങിയ അക്കാദമികവും അവരുടെ വ്യക്തിത്വ വളർച്ചയുമായും ബന്ധപ്പെട്ട കാര്യങ്ങളും മാതാപിതാക്കളുമായി സംവദിക്കുവാനുമുള്ള വേദിയാണ് ഓപ്പൺ ഹൗസ്. വർഷത്തിൽ രണ്ടുപ്രാവശ്യം ഓപ്പൺ ഹൗസ് നടത്താറുണ്ട്. മാതാപിതാക്കൾ ഓപ്പൺ ഹൗസിനായി വരുമ്പോൾ അവരുടെ സാമ്പത്തിക ജീവിതശൈലിയും കട്ടികളുടേതുമായി വലിയ അന്തരം കാണാറുണ്ട്. ഉദാഹരണത്തിന് മകൾ കോളേജിൽ വരുമ്പോൾ 2000 രൂപയുടെ വസ്ത്രമണിഞ്ഞുവരുന്നതും അവരുടെ അമ്മ ഓപ്പൺ ഹൗസിൽ വരുമ്പോൾ 150 രൂപയുടെ സാരി ധരിച്ചുവരുന്നതും കാണുവാൻ പലപ്പോഴും ഇടവന്നിട്ടുണ്ട്. മകന്റെ കൈയിൽ സ്മാർട്ട് ഫോണും അച്ഛന്റെ കൈയിൽ 10 വർഷം പഴക്കമുള്ള നോക്കിയ ഫോണും കാണാറുണ്ട്. ഈ ജീവിതശൈലിയിൽ അദ്ധ്യാപകർക്ക് ഏറെ അസ്വസ്ഥത തോന്നാറുണ്ട്. മക്കളുടെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കരുതലുള്ളവരാണ് മലയാളിസമൂഹം. നല്ല വിദ്യാഭ്യാസം, പോഷകാഹാരം, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവ നൽകുന്നതിൽ നമ്മൾ ഏറെ ഉൽസുകരാണ്. പക്ഷെ മക്കളെ പണത്തിന്റെ വിലയറിഞ്ഞു ജീവിക്കുവാൻ നമ്മളിൽ പലരും പഠിപ്പിക്കുന്നില്ല. മാതാപിതാക്കൾ വളരെ ചുരുങ്ങി ജീവിച്ച് മക്കളെ നല്ല നിലയിൽ വളർത്തുന്നു. ഇത് അഭിലഷണീയമാണോ എന്ന് ചിന്തിക്കുക. മാതാപിതാക്കളിൽ പലരും തങ്ങൾക്ക് ബാല്യത്തിലും യൗവ്വനത്തിലും ലഭിക്കാതെ പോയതെല്ലാം തങ്ങളുടെ മക്കൾക്ക് നൽകി സംതൃപ്തിയടയുന്നവരും അഭിമാനിക്കുന്നവരുമാണ്. പല മാതാപിതാക്കളും തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മക്കളെ അറിയിക്കാതെയാണ് അവരെ വളർത്തുന്നത്. ഇതിന്റെയെല്ലാം പരിണിതഫലമായി സാമ്പത്തിക അച്ചടക്കമില്ലാത്തവരായി അടുത്ത തലമുറ മാറുന്നു. പണം ലഭ്യമാകുവാനായി ഏതു തന്ത്രവും മെനയുന്നു. അതുകൊണ്ട് മക്കളെ ചെറുപ്പം മുതൽ തന്നെ സാമ്പത്തികകാര്യങ്ങളിൽ നിഷ്ഠയുള്ളവരായി വളർത്തുക. ഒരു പാക്കറ്റ് പാൽ മേടിക്കാൻ പോലും മക്കളെ വിടാതെ സംരക്ഷിക്കുന്നവരുണ്ട്. പിന്നീട് മക്കളുടെ കാര്യപ്രാപ്തിയില്ലായ്മയെക്കുറിച്ച പരിതപിക്കുന്നത് കാണാം. സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നാൽ ബാക്കി ചോദിക്കാതെയും കണക്ക് പറയാതെയും ഇരിക്കും. പിന്നീട് മക്കൾ സാമ്പത്തികകാര്യത്തിൽ കാണിക്കുന്ന ദോഷകരമായ പ്രവൃത്തികൾകണ്ട് പരിതപിക്കും. അവർക്ക് ശാസിക്കാൻ പറ്റാതെ വരുമ്പോൾ അദ്ധ്യാപകർ പറഞ്ഞുകൊടുത്ത് ശരിയാക്കണമെന്ന് പറയുന്നവരുമുണ്ട്. കുടംബം ഒരു ചെറു സാമ്പത്തികയൂണിറ്റ് എന്നനിലയിൽ വരുമാനം, ചെലവ്, സമ്പാദ്യം തുടങ്ങിയ സാമ്പത്തികസൂചികകൾ കുടുംബത്തിൽ ചർച്ചാ വിഷയമാവണം. അല്ലെങ്കിൽ മിതവ്യയത്തെ പിശുക്കായി മക്കൾ ചിത്രീകരിക്കുകയും അവരുടെ ആവശ്യങ്ങൾ സാധിക്കാതെ വരുമ്പോൾ അവർ മാതാപിതാക്കൾക്ക് എതിരാവുകയും ചെയ്യും. മക്കളെ പട്ടിണിയും ബുദ്ധിമുട്ടും അറിയിച്ചു വളർത്തുക എന്നതിന്റെ അർത്ഥം അവരുടെ ആവശ്യങ്ങൾ നിരാകരിക്കണമെന്നല്ല, മറിച്ച് ആവശ്യവും അത്യാവശ്യവും തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുക എന്നതാണ്. ഒരാളെ ധനവാനാക്കുന്നത് വരുമാനത്തിന്റെ വലിപ്പമല്ല പ്രത്യുത അത് അയാൾ പണം ചെലവാക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് കുടുംബത്തിൽ മാതാപിതാക്കൾ അവർക്കുവേണ്ടിയും കൂടി ജീവിക്കട്ടെ. നല്ല ഭക്ഷണവും സൗകര്യങ്ങളും അവരുടേയും അവകാശമാണ് എന്ന് തിരിച്ചറിയുക. മക്കൾ ഉപയോഗിച്ച് പഴഞ്ചനായി ഉപേക്ഷിച്ച ഫോണല്ല മാതാപിതാക്കൾ ഉപയോഗിക്കേണ്ടത്. അദ്ധ്വാനിച്ചാൽ മാത്രം പോരോ ജീവിതത്തോട് അവരും അഡിക്ടാവണം. മറിച്ചായാൽ അതിരു കവിഞ്ഞ വ്യക്തിത്വവാദവും, സ്വാതന്ത്ര്യചിന്തയും സമ്പത്തിന്റെയും ഭൗതിക സുഖസൗകര്യങ്ങളുടെയും വർദ്ധനയും മക്കളെ കൂടുതൽ സ്വതന്ത്രരും ജീവിതാസ്വാദകരും ആക്കും. മാതാപിതാക്കൾ അവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ സാധിച്ചുതരുന്ന ഒരു ഉപകരണം മാത്രമാവും. ജോലിയുള്ള മക്കൾ എടുത്ത ലോണും മാതാപിതാക്കൾ അടച്ചുതീർക്കുന്ന പ്രവണതയുള്ള കുടുംബങ്ങളുണ്ട്. വ്യക്തമായ സാമ്പത്തികസാക്ഷരതയിലൂടെ മാത്രം മക്കളെ നയിക്കുക. അതിന് മാതാപിതാക്കൾ അവർക്ക് ‘ വേരുകളും ചിറകുകളും’ മാത്രം നൽകുക. അതുവച്ച് അവർ കഷ്ടപ്പെട്ട് ജീവിക്കാൻ പഠിക്കട്ടെ. സാമ്പത്തിക ഇടപെടലുകളിൽ ജനാധിപത്യം ആദ്യം കുടുംബത്ത് നിന്ന് തന്നെ തുടങ്ങട്ടെ. ( എറണാകുളം ത്രുക്കാക്കര ഭാരത് മാതാ കോളേജിലെ പ്രൊഫസര്‍ ആണ് പ്രൊഫ. കൊച്ചുറാണി ജോസഫ് )

No comments: