കൊരട്ടി- ഇവളാണിവളാണിവൾ മിടുമിടുക്കി !!!
"അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ"? മലയാളികളുടെ പ്രിയപ്പെട്ട എം ടി വാസുദേവൻനായർ തന്റെ 'വാരണാസി'യിൽ എഴുതി വച്ച ഒരു ചോദ്യമാണിത്. ഖൽബിൽ ദൈവത്തെ നഷ്ടമായിപ്പോയ അമ്പലവാസികളും പള്ളിവാസികളും നെറ്റി ചുളിച്ചു വായിക്കുന്ന ഒരു ചോദ്യം! ഹൃദയത്തിന്നകത്തു ദൈവത്തെ മാത്രം കൊണ്ട് നടക്കുന്ന കുറേ ആളുകൾ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു സാക്ഷ്യപ്പെടുത്തിയ ഒരു കാഴ്ച കണ്ടു, കൊരാട്ടീല്.
ചരിത്ര പ്രസിദ്ധമായ കൊരട്ടിപള്ളിയുടെ തിരുനാളിന് കഴിഞ്ഞയാഴ്ച കൊടിയേറിയപ്പോൾ, കണ്ടു നിന്നവരുടെ കണ്ണ് തള്ളിപ്പോയത് കൊടിയും കൊടിമരവും കണ്ടിട്ടല്ല, എൽ ഇ ഡി ലൈറ്റുകളിൽ കണ്ട ഒരു 'ആത്മപ്രകാശം' കണ്ടിട്ടാണ്. പള്ളിയുടെ നെറ്റിത്തടത്തിൽ ഹൈന്ദവീകതയുടെ 'ഓം' അടയാളവും, ക്രിസ്തുവിന്റെ 'കുരിശ'ടയാളവും മുസൽമാന്റെ 'ചന്ദ്രക്കല'യും ഒരുമിച്ചു പ്രകാശിക്കുന്നു. ഈ മൂന്നടയാളങ്ങൾക്
കു നടുവിൽ 'WE ARE ONE' എന്നെഴുതിയത് വായിച്ചപ്പോൾ ഒന്ന് വ്യക്തമായി, നിസ്കാരത്തഴമ്പിനൊപ്പം നെറ്റിയിൽ കുരിശും ചന്ദനവും ചാർത്താൻ മടിയില്ലാത്ത മനുഷ്യത്വം നഷ്ടമാകാത്തവരുടെ ഒരു മണ്ണാണ് അതെന്ന്.
അരവണപ്പായസം കുടിച്ചാൽ ആത്മീയത നഷ്ടമാകുമെന്ന് അവിടുത്തെ കത്തോലിക്കർ കരുതുന്നില്ല. ഹമീദിന്റെ മോനോടൊപ്പം ഔസേപ്പിന്റെ മോനും പത്തിരീം പോത്തും വിളമ്പുന്ന ഉമ്മച്ചിമാർ അവിടുണ്ട്. ശബരിമലയ്ക്കു പോകാൻ മുടികെട്ടുന്ന നേരം അയ്യപ്പന്റടുത്തേക്കു പോകുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പള്ളീലച്ചൻമാരും അവിടുണ്ട്. പഠിക്കാത്ത വിഷയത്തിനു പാസാക്കിയേക്കണേ പടച്ചോനെ എന്ന് പ്രാർത്ഥിച്ചിട്ട് കൊരട്ടിമുത്തീടെ പള്ളീൽ വന്നു മാതാവിനെ കണ്ടേച്ചും 'മ്മ്ടെ കാര്യം ഇങ്ങടെ മോനോടൊന്നു പറഞ്ഞേക്കണേ' എന്ന് പ്രാർത്ഥിക്കുന്ന നല്ല മുസ്ളീം മൊഞ്ചത്തി കുഞ്ഞുങ്ങളും കൊരട്ടിക്കു സ്വന്തം.
സ്കൂളിലെ ആൽത്തറയിലിരുന്നു ചോറ് വാരി തിന്നപ്പോൾ കോയിക്കഷ്ണം കെടക്കണത് അബൂബക്കറിന്റെ പാത്രത്തിലാണോന്നു റഫീഖും നോക്കീട്ടില്ല തോമസും നോക്കീട്ടില്ല. മലയ്ക്ക് പോയവൻ മടങ്ങി വന്ന അന്ന്, അവന്റെ ബാഗീന്നു ശർക്കര ചുവപ്പുള്ള അരവണപ്പായസം, അവനു പോലും കൊടുക്കാതെ നക്കിത്തുടച്ച ശീലമുള്ള കൊച്ചുപിള്ളേരാണ് ഇന്നവിടുത്തെ യൂത്തന്മാർ.
മതത്തേക്കാൾ വലിയ മനസ്സുള്ളവർ !
മത സൗഹാർദ്ദം ഇങ്ങനെ തെളിയുന്ന ഒരു മണ്ണിലെ മുഖ്യമന്ത്രിക്ക
െങ്ങനെയാണ് മല കയറാതിരിക്കാനാകുക? 'ഒന്നിച്ച് പഠിച്ച ദൈവങ്ങൾ' വാഴുന്ന ഇതുപോലുള്ള മണ്ണിൽ, ചന്ദനം ചാർത്തിയ ശ്രീശാന്തും ദിലീപുമൊക്കെ പളളില് കേറും. മാമോദീസ മുങ്ങിയ യേശുദാസ് ശ്രീകോവിലിന്റെ മുന്നിൽ കീർത്തനോം പാടും! നിസ്കാരത്തഴമ്പു
ള്ള മുസല്മാന്മാർ മനുഷ്യത്വത്തിന്റെ മൃദംഗം വായിക്കും.
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിലും കുരിശിന്റെ പേരിലും മോസ്കിന്റെ പേരിലും ചോരയുടെ മണം പടരുമ്പോൾ കേരളത്തിൽ അതത്ര ഇല്ലാത്തത് 'മതത്തേക്കാൾ വലുതാണ് മനുഷ്യർ' എന്നും 'ദൈവങ്ങൾക്കിടയിൽ കോമ്പറ്റീഷൻ ഇല്ലെ'ന്നും മലയാളികൾക്കു നല്ല ബോധം ഉള്ളത് കൊണ്ടാണ്. ഈ ബോധം നഷ്ടമായിപ്പോയവരാണ് മതഭ്രാന്തൻമാർ!
ഇത്തവണ പെരുന്നാൾ കൂടാൻ കൊരട്ടി പള്ളിമുറ്റത്ത് ചെന്ന് നിന്നപ്പോൾ ഉള്ളിൽ ഒരൊറ്റ ചോദ്യം 'ദൈവമേ നിങ്ങളെ 'രാമാ'ന്നു വിളിക്കണോ 'അള്ളാ'ന്നു വിളിക്കണോ 'ഈശോ'ന്ന് വിളിക്കണോ?
പുള്ളിക്കാരൻ ഒരു ചിരി!
മതം, "മനുഷ്യന്റെ അത്ര വലുതല്ലെ"ന്നു ഉറക്കെ പറയുന്ന കൊരട്ടിക്ക് അഭിനന്ദനം!!!
കടപ്പാട് :- നിബിൻ കുരിശിങ്കൽ
No comments:
Post a Comment