സസ്തനികള്‍ ആക്രമിക്കാന്‍ വരുന്നത്
ചെടികള്‍ അറിയാറുണ്ടോ?
~~~~~~~~~~~~~~~~~~~~~~~~~
അനങ്ങാതെ ഒരിടത്തുമാത്രംനില്‍ക്കാന്‍ ശേഷിയുള്ള ചെടികള്‍ പലവിധഭീഷണികളെയാണ് നേരിടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ മുള്ളുകള്‍, രോമങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങി പലവിധഅടവുകളും സസ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ശത്രുക്കളെ അകറ്റിനിര്‍ത്താന്‍ ഉള്ള ഈ മാര്‍ഗങ്ങളെല്ലാം പക്ഷേ സസ്യങ്ങള്‍ക്ക് നല്ല ചെലവേറിയതാണ്. എപ്പോള്‍വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്നുകരുതി രാസവസ്തുക്കള്‍ ശരീരം നിറയെ ഉണ്ടാക്കിവയ്ക്കുക എന്നത് അസാധ്യവുമാണ്. പ്രാണികള്‍ ആക്രമിക്കുമ്പോള്‍ ചിലരാസപദാര്‍ത്ഥങ്ങള്‍ ചെടികള്‍ പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്, എന്നാല്‍ സസ്തനികള്‍ തങ്ങളെ കടിച്ചുതിന്നാന്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നത് ശാസ്ത്രലോകത്തിനു പുതിയ അറിവാണ്.
മാനുകളുടെ എണ്ണത്തിലുള്ള ആധിക്യം കാടിന്റെ സ്വാഭാവികരീതികളെ വലിയതോതില്‍ ബാധിക്കാറുണ്ട്. ഇരപിടിയന്മാരുടെ എണ്ണത്തില്‍ ഉണ്ടാവുന്ന നേരിയകുറവുപോലും മാനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും സസ്യങ്ങളുടെ, പ്രത്യേകിച്ചും മരങ്ങളുടെ എണ്ണത്തെ വലിയരീതിയില്‍ പ്രതികൂലമായി ബാധിക്കുകയും കാലംപോകെ മരങ്ങളുടെ പുനരുജ്ജീവനം ആപത്‌കരമായ രീതിയില്‍ കുറയുകയും ചെയ്യുന്നു. ഇവിടെയാണ് ചെടികള്‍ക്ക് മൃഗങ്ങള്‍ കടിക്കുന്നത് തിരിച്ചറിയാനാവുമോ എന്ന ഗവേഷണങ്ങള്‍ ശ്രദ്ധേയമാവുന്നത്. സിക്കമോര്‍ മേപ്പിളിനെയും (Acer pseudoplantanus) യൂറോപ്യന്‍ ബീച്ചിനെയും (Fagus sylvatica) മാനുകള്‍ തിന്നാറുണ്ട്. ഇവയുടെ കമ്പുകള്‍ മുറിക്കുമ്പോഴും മാനുകള്‍ ഇവ കടിക്കുമ്പോഴും പ്രതികരണം വ്യത്യസ്തമാണോ എന്നറിയുകയായിരുന്നു ലക്ഷ്യം. അതിനായി രണ്ടുതരത്തിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ആദ്യം മരത്തിന്റെ കമ്പുകള്‍ മുറിക്കുകമാത്രം ചെയ്തു. പിന്നെ കമ്പുമുറിച്ചതിനോടൊപ്പം അവിടെ മാനിന്റെ ഉമിനീര് പുരട്ടുകയും ചെയ്തു. എങ്ങനെയാണ് മരങ്ങളുടെ പ്രതികരണം എന്നത് പഠിച്ച ഗവേഷകര്‍ ശരിക്കും ഞെട്ടിപ്പോയി. കമ്പുകള്‍ മുറിക്കുകമാത്രം ചെയ്തമരങ്ങള്‍ ജാസ്മൊണേറ്റുകള്‍ എന്നതരം ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചു. ഇതുസാധാരണമാണ്, സസ്യങ്ങളുടെ ചെറുത്തുനില്‍പ്പിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് അതെന്ന് അറിയാമായിരുന്നു. മാനുകളുടെ ഉമിനീര്‍ പുരട്ടിയപരീക്ഷണങ്ങളിലാണ് രസകരമായ വസ്തുതകള്‍ വെളിച്ചത്തുവന്നത്.
മുറിച്ച ബീച്ചിന്റെ കമ്പുകളില്‍ മാനിന്റെ ഉമിനീര്‍ പുരട്ടിയപ്പോള്‍ ചെറുമുകുളങ്ങളും ഇലകളും പുതുതായി ഉണ്ടാവാനാവശ്യമായ മെറ്റാബൊളൈറ്റുകളുടെ അളവ് കൂടുകയും ശത്രുക്കളെ തടയാന്‍ പ്രയോഗിക്കുന്ന ടാനിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്തു. ഭക്ഷണത്തില്‍ ടാനിന്‍ ഉള്ളപക്ഷം ജീവികള്‍ക്ക് ഭക്ഷണം ദഹിപ്പിക്കാന്‍ പ്രയാസമേറുന്നതാണ്. മേപ്പിളില്‍ പ്രത്യേകമായും ജന്തുക്കള്‍ തങ്ങളെ ആഹരിക്കുന്നതിനെ തടയുന്ന ചിലതരം ഫ്ലാവനോളുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയുണ്ടായി.
സസ്തനികളാണ് തങ്ങളെ തിന്നുന്നതെന്ന് ചെടികള്‍ക്കു മനസ്സിലാവുക മാത്രമല്ല അതിനെ ഫലപ്രദമായി തടയാനുള്ളമാര്‍ഗങ്ങളും സസ്യങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ച് പുതിയ അറിവാണ്. ഇക്കാര്യത്തിലെ ഗവേഷണങ്ങള്‍ ശൈശവദശയിലാണ്. കാലം ചെല്ലുമ്പോള്‍ കൂടുതല്‍ ചെടികളെയും മൃഗങ്ങളെയും ഉപയോഗിച്ചുപരീക്ഷണം നടത്തുമ്പോള്‍ കൂടുതല്‍ അറിവുകള്‍ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
No comments:
Post a Comment