🏞 ഇന്ദിരാ ഗാന്ധി കനാൽ 🏞
🌿 സ്വാതന്ത്ര്യ ഇന്ത്യയിൽ നടപ്പിലാക്കിയ രാജ്യത്തെ ഏറ്റവും വലിയ കനാൽ പദ്ധതിയാൺ രാജസ്ഥാൻ കനാൽ എന്നറിയപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധി കനാൽ. രാജസ്ഥാനിലെ വരണ്ട പ്രദേശമായ ഥാർ മരുഭൂമിയിലെ ജലദൗർല്ലഭ്യത്തിന്ന് പരിഹാരമായാണ് ഇങ്ങനെയൊരു വൻ കനാൽ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ മുൻകൈയ്യെടുത്തത്.
🌿 പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയിൽ സറ്റ്‌ലജ് നദിയുടെയും ബ്യാസ് നദിയുടെയും സംഗമസ്ഥാനത്ത് നിന്ന് തൊട്ടടുത്തുള്ള ഹരിഗെ അണക്കെട്ടിൽ നിന്നാൺ ഈ കനാൽ ഉത്ഭവിക്കുന്നത്. പഞ്ചാബിലെ ലോഗഡ് വഴി ഹരിയാനയിലെത്തി ഹരിയാനയിലെ സിർസ്സ ജില്ലയിലൂടെ കടന്ന് രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ജില്ലയായ ഹനുമാൻഗഡിലെത്തുന്നു.
🌿 ഹനുമൻ ഗഡ്, ബാർമ്മർ, ബിക്കാനീർ, ചുരു, ജോധ്‌പൂർ, ശ്രീഗംഗ നഗർ, ജയിസൽമർ അടക്കം രാജസ്ഥാനിലെ ഏഴ് ജില്ലകളിലൂടെ നിർലോഭം ഒഴുകുന്നുണ്ട് ഈ ഭീമൻ കനാൽ. ആകെ 600 കി മി ആൺ കനാലിന്റെ നീളം. കനാലിന്റെ മുകൾ ഭാഗം 140 അടി വീതിയും അടിഭാഗത്ത് 116 അടി വീതിയുമുണ്ട്. ആറര മീറ്ററാണ് കനാലിന്റെ ശരാശരി ആഴം. ഏകദേശം ഏഴായിരം ച. കി. തരിശ് ഭൂമിയിലേക്ക് ജലം എത്തിക്കാൻ വേണ്ടി പ്രധാന കനാലിൽ നിന്ന് കിലോ മീറ്ററുകളോളം അനവധി പോഷക കനാലുകളും നിർമ്മിക്കാൻ സാധിച്ചിട്ടുണ്ട്.
🌿 ഹിമാലയത്തിൽ നിന്നൊഴുകുന്ന നദികളിലെ ജലം രാജാസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിൽ നിന്നാൺ ഇങ്ങനെയൊരു പദ്ധതി 1940 കളിൽ ഉരുത്തിരിയുന്നതെങ്കിലും 1957 ലാൺ കനാൽ നിർമ്മിക്കാൻ തീരുമാനമാവുന്നത്. ശേഷം 1971 ൽ പൂർത്തിയാക്കാൻ പറ്റുമെന്ന് കരുതിയ കനാൽ പൂർത്തിയാവാൻ പിന്നെയും വർഷങ്ങളെടുത്തു. ഫണ്ടിന്റെ കുറവ് മൂലവും സാന്പത്തിക ഞെരുക്കവും കാരണം മുട്ടിലിഴഞ്ഞ പദ്ധതി 1983 ൽ മാത്രമാണ് പൂർത്തിയായത്.
🌿 ജയിസൽമറിലെയും ബിക്കാനീറിലെയും തരിശുഭൂമിയെ ഫലഫൂഷ്ടിയുള്ള, സമൃദമായ കൃഷി ഭൂമിയാക്കാൻ ഈ കനാൽ പദ്ധതി പ്രകാരം സാധിച്ചിട്ടുണ്ട്. മണലാരണ്യ ഭൂമിയിൽ കടുക്, ഗോതന്പ്, പരുത്തി കൃഷിയൊക്കെ വളർത്തി ഭൂമിയെ സന്പന്നമാക്കുന്നതിൽ കർഷകരും വിജയം കണ്ടു. ഇത് മരുഭൂമിയിലെ ആവാസ വ്യവസ്ഥയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ജനനിബിഡമായ മരുഭൂമിയാൺ ഥാർ മരുഭൂമി.
🌿 മരുഭൂമിയിലെ ജലക്ഷാമത്തിന്ന് ഏറെകുറെയൊക്കെ പരിഹാരമായ ഇന്ദിരാ ഗാന്ധി കനാൽ രാജ്യത്തിന്റെ അഭിമാന പദ്ധതി കൂടിയാൺ. മുൻ പ്രധാനമന്ത്രിയുടെ സ്മരണാർത്ഥം 1985 ലാൺ രാജസ്ഥാൻ കനാൽ, 'ഇന്ദിരാ ഗാന്ധി കനാൽ' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത്.
No comments:
Post a Comment