*എന്താണ് പിരമിഡ്*
കല്ലുവെട്ടുന്ന സ്ഥലത്തുനിന്ന് വലിയ കല്ലുകൾ വലിച്ചുകൊണ്ടുവന്ന സ്ഥാപിച്ചാണ് പിരമിഡുകൾ നിർമിച്ചത് എന്ന പ്രമാണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക നിർമ്മാണ സിദ്ധാന്തങ്ങളും നിലനിൽക്കുന്നത്. കല്ലുകൾ എങ്ങനെയാണ് പിരമിഡ് വരെ കൊണ്ടുവന്നത്, അതിനുപയോഗിച്ച മാർഗ്ഗമെന്ത് എന്നീ കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസങ്ങൾ നിലവിലുള്ളത്. അടുത്തകാലത്തായി മുന്നോട്ടുവയ്ക്കപ്പെട്ടതും അത്ര പ്രചാരം സിദ്ധിക്കാത്തതുമായ ഒരു സിദ്ധാന്തമനുസരിച്ച് ഈ കല്ലുകൾ പിരമിഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ ഒരുതരം "ചുണ്ണാമ്പുകൽ-കോൺക്രീറ്റ്" ഉപയോഗിച്ച് നിർമ്മിക്കുകയാണ് ചെയ്തത്.[9]
പിരമിഡ് നിർമ്മാണ സാങ്കേതികവിദ്യ കാലങ്ങൾ കൊണ്ടാവണം ആർക്കിടെക്റ്റുകൾ തയ്യാറാക്കിയത്. പരന്ന കല്ലുള്ള (മണലില്ലാത്ത) ഒരു സ്ഥലം തിരഞ്ഞെടുത്ത് അത് അടിസ്ഥാനമാക്കിയാണ് നിർമ്മാണം ആരംഭിച്ചിരുന്നത്. ആദ്യ നിര കല്ലുകൾ സ്ഥാപിച്ചശേഷം തിരശ്ചീനമായതും ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ നിർമിച്ചതുമായ പാളികളായാണ് പിരമിഡ് നിർമിച്ചിരുന്നത്.
*ഗിസയിലെ പിരമിഡിന്*
ആവശ്യം വന്ന കല്ലുകൾ മിക്കതും നിർമ്മാണസ്ഥലത്തിനു തൊട്ട് തെക്കുനിന്ന് ഘനനം ചെയ്തതായാണ് കാണുന്നത്. നൈലിനപ്പുറത്തുനിന്നുള്ള ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ് പിരമിഡുകളുടെ മിനുസമായ ബാഹ്യ ആവരണം നൽകപ്പെട്ടിരുന്നത്. ഇത് ശ്രദ്ധയോടെ മുറിച്ചെടുത്ത് ചങ്ങാടങ്ങളിലാക്കി ഗിസയിലെത്തിച്ച് നിർമ്മാണസ്ഥലത്തേയ്ക്ക് വലിച്ചു കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത്. വലിയ പിരമിഡിന്റെ കീഴ്ഭാഗത്തുള്ള ചില ബാഹ്യ ആവരണശിലകൾ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ> മദ്ധ്യ കാലഘട്ടത്തിൽ (അഞ്ചാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ), ആൾക്കാർ ബാഹ്യശിലകൾ കെയ്റോ നഗരത്തിലെ നിർമ്മാണത്തിനായി കടത്തിക്കൊണ്ടുപോയിരിക്കാം.[3]
പിരമിഡിന്റെ സമമിതി നിലനിർത്തണമെന്നുണ്ടെങ്കിൽ ബാഹ്യ കവചശിലകളുടെ ആകൃതി തുല്യ ഉയരവും വീതിയുമുള്ളതായിരിക്കണമായിരുന്നു. എല്ലാ ശിലകളും പിരമിഡിന്റെ കോണനുസരിച്ച് രേഖപ്പെടുത്തി ശ്രദ്ധയോടെ മുറിച്ച് ശരിപ്പെടുത്തിയതായിരുന്നിരിക്കണം. നിർമ്മാണസമയത്ത് ബാഹ്യപ്രതലം മിനുസമുള്ളതായിരുന്നു. കാലക്രമേണ അധികമുള്ള കല്ലുകൾ നഷ്ടപ്പെട്ടു പോവുകയായിരുന്നു.[3]
*എന്തിന്*
പുരാതന ഈജിപ്റ്റിലെ ഫറവോമാരുടെ ഭൗതികശരീരം സൂക്ഷിക്കുവാനാണ് ഗിസായിലെയും മറ്റിടങ്ങളിലേയും പിരമിഡുകൾ നിർമിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്.[3] ഫറവോയുടെ ആത്മാവിന്റെ ഒരു ഭാഗമായ ക ഇദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ സ്ഥിതി ചെയ്യുമെന്നായിരുന്നു വിശ്വാസം. മരിച്ചവരുടെ രാജാവ് എന്ന നിലയിൽ തന്റെ ശരിയായ ജോലികൾ ചെയ്യുവാൻ ഫറവോയുടെ ശരീരം സൂക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കുന്നതിനൊപ്പം തന്റെ മരണശേഷം ഫറവോയ്ക്ക് ആവശ്യം വരുന്ന വസ്തുവകകൾ സൂക്ഷിക്കുവാനും പിരമിഡ് ഉപയോഗിക്കപ്പെട്ടിരുന്നു. ഭൂമിയിലെ മരണം അടുത്ത ലോകത്തിലേയ്ക്കുള്ള യാത്രയുടെ ആരംഭമായാണ് ഈജിപ്റ്റിലെ ആൾക്കാർ വിശ്വസിച്ചിരുന്നത്. പിരമിഡിനു താഴെയോ അതിനുള്ളിലോ ആയി രാജാവിന്റെ ശരീരം എംബാം ചെയ്ത് ഇതിനായി സൂക്ഷിച്ചുവച്ചിരുന്നു. മരണശേഷമുള്ള ജീവിതത്തിലേയ്ക്ക് മാറുവാനുള്ള സൗകര്യമൊരുക്കാനായിരുന്നു ഇത്.[10]
*ജോലിക്കാരുടെ പട്ടണം*
ആയിരക്കണക്കിന് വിദഗ്ദ്ധ തൊഴിലാളികളും അവിദഗ്ദ്ധ തൊഴിലാളികളും ഇവരെ സഹായിക്കാനായുള്ള ജീവനക്കാരുമുണ്ടെങ്കിലേ പിരമിഡ് നിർമ്മാണത്തിനാവശ്യമായ വലിയ തോതിലുള്ള ഘനനവും കല്ലുകൾ നീക്കുന്നതും മറ്റും സാധിക്കുമായിരുന്നുള്ളൂ. ബേക്കർമാർ, മരപ്പണിക്കാർ, വെള്ളം കൊണ്ടുപോകുന്നവർ തുടങ്ങിയവർ ധാരാളമായി ഉണ്ടായിരുന്നിരിക്കണം. പിരമിഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന മാർഗ്ഗം സംബന്ധിച്ച ഊഹാപോഹങ്ങൾ പോലെ തന്നെ ഇതിനായി എത്ര ജോലിക്കാർ ആവശ്യമുണ്ടായിരുന്നു എന്നതുസംബന്ധിച്ചും സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ബി.സി. 450-ൽ ഗിസ സന്ദർശിച്ചപ്പോൾ ഗിസയിലെ ഈജിപ്ഷ്യൻ പുരോഹിതന്മാർ അദ്ദേഹത്തോടു പറഞ്ഞത് ഗിസയിലെ പിരമിഡിനായി 400,000 പുരുഷന്മാർ 20 വർഷം പണിയെടുത്തുവെന്നാണ്. 100,000 പേർ വീതം മൂന്ന് മാസം വീതം ജോലി ചെയ്യുകയായിരുന്നു എന്നാണ് ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ശവകുടീരങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് 10,000 പേർ മൂന്നു മാസം നീണ്ട ഷിഫ്റ്റുകളിൽ 30 വർഷം ജോലി ചെയ്താണ് ഒരു പിരമിഡ് നിർമിച്ചിരുന്നത്.[3]
ഗിസയിലെ പിരമിഡ് സമുച്ചയത്തിനു ചുറ്റുമായി ഒരു വലിയ കൽമതിലുണ്ട്. ഇതിനു പുറത്തായി മാർക്ക് ലെഹ്നറും അദ്ദേഹത്തിന്റെ സംഘവും ഒരു പട്ടണം കണ്ടെത്തുകയുണ്ടായി. ഇവിടെയാണ് പിരമിഡ് നിർമ്മാണത്തൊഴിലാളികൾ ജീവിച്ചിരുന്നത്. ഖാഫ്രെ, മെൻകൗറെ സമുച്ചയങ്ങൾക്ക് തെക്കു കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. സംഘമായി ഉറങ്ങാനുള്ള സൗകര്യം, ബേക്കറികൾ, മദ്യം നിർമ്മിക്കുന്ന സ്ഥലങ്ങൾ, അടുക്കളകൾ (ബ്രെഡ്, ബീഫ്, മത്സ്യം എന്നിവയായിരുന്നു പ്രധാന ആഹാരങ്ങൾ), ഒരു ആശുപത്രി, സെമിത്തേരി (ഇവിടെനിന്ന് ലഭിച്ച ചില അസ്ഥികൂടങ്ങളിൽ നിർമ്മാണസ്ഥലത്തുവച്ചുനടന്ന അപകടങ്ങളിലെ പരിക്കുകൾ ദൃശ്യമായിരുന്നു) എന്നിവ ഇവിടെ കണ്ടെത്തപ്പെട്ടിട്ടുണ്ട്.[11] നാലാം രാജവംശത്തിന്റെ (2520–2472 BC) മദ്ധ്യകാലത്തുണ്ടായിരുന്ന പട്ടണമായിരുന്നു ഇത്. ഖൂഫുവിന്റെ കാലശേഷം (വലിയ പിരമിഡിന്റെ നിർമ്മാണശേഷം) ആണ് ഇത്. മാർക്ക് ലെഹ്നറുടെയും എ.ഇ.ആർ.എ. ടീമിന്റെയും അഭിപ്രായത്തിൽ;
"ഈ പട്ടണപ്രദേശം വികസിച്ചത് വളരെപ്പെട്ടെന്നായിരുന്നിരിക്കണം. മിക്കവാറും എല്ലാ നിർമ്മാണങ്ങളും നടന്നത് ഖാഫ്രെയുടെയും മെൻകൗറെയുടെയും ഭരണകാലമായ 35-50 വർഷക്കാലത്തായിരുന്നു. ഇവരായിരുന്നു ഗിസയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പിരമിഡുകൾ നിർമിച്ചത്".
കാർബൺ ഡേറ്റിംഗ് ഉപയോഗിക്കാതെ കളിമൺ പാത്രങ്ങളുടെ കഷണങ്ങൾ മാത്രം നിരീക്ഷിച്ച സംഘത്തിന്റെ നിഗമനം ഇങ്ങനെയായിരുന്നു;
"ആസൂത്രണം ചെയ്ത ഒരു ആവാസസ്ഥലത്തിന്റെ ലക്ഷണങ്ങളാണ് കാണാൻ സാധിക്കുന്നത്. ഖാഫ്രെ (2520–2494 BC) മെൻകൗറെ (2490–2472 BC) എന്നിവരുടെ കാലത്തായിരുന്നു ഇതെന്ന് വ്യക്തമാണ്".
No comments:
Post a Comment