*ട്രോയ്*
ഇന്നത്തെ തുർക്കിയിൽ ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു ട്രോയ്.ഹോമറിന്റെ ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ടോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു .ട്രോജൻ യുദ്ധമോ ഭൂകമ്പമോ കാരണം ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു.നൂറ്റാണ്ടുകൾക്കുശേഷം ബി.സി.700 ൽ ഇലിയോൺ എന്നപേരുനൽകി ഗ്രീക്കുകാർ ഈ നഗരത്തിൽ താമസമാക്കി.ഇരുന്നൂറു വർഷത്തിനുശേഷം ഇലിയം എന്നപേരിലേക്കുമാറിയ ഇവിടം റോമിന്റെ ആധിപത്യത്തിലായി. ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത്. ട്രോയിയുടെ രാജകുമാരനായ പാരിസ് , സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്.1194–1184 ക്രി.മു ആണ് യുദ്ധം നടന്നതെന്ന് പുരാണത്തിൽ പറയുന്നു.
കലഹത്തിന്റെ ദേവതയായ ഈറിസിനെ , പെലിയൂസിന്റെയും തെറ്റിസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ ഈറിസ് ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവൾക്ക്" എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ ഈറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹീരയും അഫ്രൊഡൈറ്റിയും അഥീനയും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സ്യൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിക്ക് നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം.
പത്തു വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഒൻപതു വർഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വർഷം, ഒഡിസ്യൂസിന്റെ നിർദ്ദേശപ്രകാരം പൊള്ളയായ കുതിരയെ നിർമ്മിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമർപ്പിച്ചതായി കാണിച്ച് ട്രോയിയിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാർ കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.
ട്രോജൻ യുദ്ധങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആംഗ്ലോ-അമേരിക്കൻ സിനിമ ആണ് ട്രോയ്.ബ്രാഡ് പീറ്റ് അക്കൈലസ് ആയി അഭിനയിച്ച ഈ സിനിമ 2005-ൽ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.ഹോമറിൻ്റെ ഇലിയഡിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ ഡേവിഡ് ബെനിയോഫ് എഴുതി വോൾഫ്ഗങ് പീറ്റേഴ്സൺ സംവിധാനം ചെയ്തിരിക്കുന്നു.
*എന്റെ ഏറ്റവും പ്രിയപ്പെട്ട യുദ്ധസിനിമകളിലൊന്നാണ് ട്രോയ്.*
No comments:
Post a Comment