*തകർക്കപ്പെടുന്ന പള്ളി!!*
*ഉയരുന്ന സൗധങ്ങൾ*
ലേഖനത്തിന്റെ ശീർഷകം വായിക്കുമ്പോൾ എന്തോ ആനുകാലിക സംഭവത്തെ കുറിച്ചുള്ള കുറിപ്പ് ആണെന്ന് തോന്നാം. തീര്ച്ചയായും ശരിയാണ്. തികച്ചും ആനുകാലികവും എന്നാൽ നാമെല്ലാം കണ്ടില്ല എന്ന് നടിക്കുന്ന പ്രകൃതിയെന്ന അതിമനോഹരമായ പള്ളിയുടെ തകര്ച്ച ആണ് ഇവിടെ വിഷയം. മനുഷ്യന്റെ പ്രവർത്തിയാൽ ദൈവം നിർമിച്ചു നൽകിയ ഒരു പള്ളി തകർക്കപ്പെടുന്നതിന്റെ അതി ദാരുണമായ ചിത്രം ആണ് ഇവിടെ നിങ്ങള്ക്ക് കാണാൻ സാധിക്കുന്നത്.
പ്രകൃതി സംരക്ഷണം ഒരു മ്ശിഹാനുയായിക്ക് എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ഉള്ള ഫ്രാൻസിസ് മാർപ്പാപ്പായുടെ വിലയേറിയ പ്രസ്താവന ജാതിമതങ്ങൾക്ക് അതീതമായി ലോകമെമ്പാടും ഒരു വിചിന്തനത്തിന് കാരണമായി എന്നുള്ളത് സന്തോഷകരമത്രേ. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ മനോഭാവത്തിനു മാറ്റമില്ല എന്നതാണ് ബാബേൽ ഗോപുരത്തെ പോലെ പള്ളിയെന്ന പേരില് ഉയരുന്ന മഹാസൌധങ്ങൾ വ്യക്തമാക്കുന്നത്. ദൈവത്തെ ആരാധിക്കാനെന്ന പേരിൽ തങ്ങളുടെ പ്രൗഢി വിളിച്ചോതാൻ മാത്രമായി പോകുന്നു ഇത്തരം ദൈവാവാലയ നിർമിതികൾ . ഈയടുത്ത കാലത്ത് ഇടപ്പള്ളിയിൽ പണി തീര്ത്ത ഒരു പള്ളി എന്ത് മാത്രം വിവാദം ഉണ്ടാക്കി? തീർച്ചയായും മെശിയാനികമായ ലാളിത്യത്തിന്റെ പ്രതീകം ആയിരിക്കണം പള്ളി. ആരാധനാക്രമ ആവിശ്യങ്ങൾ നിറവേറ്റുക എന്നതാണ് പള്ളിയുടെ പ്രാഥമികവും പ്രധാനവുമായ ധർമ്മം എന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നു.
പ്രകൃതിയെ അമ്മയായി കാണേണ്ടതിന്റെ ആവശ്യകത നസ്രാണികൾ ഏറെയുള്ള എറണാകുളം, ഇടുക്കി ജില്ലകളുടെ മലയോരങ്ങളിലൂടെ ഒരു യാത്ര പോയാൽ മനസ്സിലാകും. മനുഷ്യന്റെ ആർത്തി ഇരുമ്പുകൈകളുടെ രൂപം പൂണ്ട ജെ.സി.ബി. കുന്നുകളും മലകളും നിഷ്കരുണം മാന്തിയെടുക്കുന്നു.. അവിടെയെല്ലാം ജൈവാംശമില്ലാത്ത ചെമ്മണ് പുതച്ച കൃത്രിമ സമതലങ്ങൾ വ്യാപകമായി രൂപപ്പെടുന്നു.. എന്നിട്ടോ കാലം തെറ്റി പെയ്യുന്ന മഴയെയും പുഴുങ്ങുന്ന ചൂടിനേയും വറ്റിയ നദികളെയും നാം കുറ്റം പറയുന്നു.. തണലും തണുപ്പും നിറഞ്ഞ പഴയ കാലം അതൊന്നും അനുഭവിക്കാൻ യോഗമില്ലാത്ത പുതു തലമുറയോട് പറഞ്ഞു അവരെ കൊതിപ്പിക്കുന്നു.
എല്ലാ വർഷവും ജൂണ് 5 നമ്മൾ ആഘോഷത്തോടെ ഏറ്റെടുക്കുന്നു. സെൽഫി എടുക്കാനും നാലാളെ കാണിക്കാനും കുറെ മരങ്ങൾ നട്ടു എന്ന് വരുത്തി ആ ഒരു ദിവസം കൊണ്ട് നമ്മുടെ അമ്മയായ പ്രകൃതിയോടുള്ള കടമ നാം നിറവേറ്റുന്നു. കുറച്ചു മരങ്ങൾ അങ്ങനെയെങ്കിലും വെച്ച് പിടിപ്പിക്കപ്പെടുന്നു എന്നെങ്കിലും ഒന്നാശ്വസിക്കാം. എന്നാൽ തകര്ക്കപ്പെട്ട കുന്നുകളും മലകളും ആര് തിരിച്ചു കൊണ്ടുവരും? കുറെ മണ്ണ് കൂന കൂട്ടിയാൽ മല ആകുമോ? ഒരു കൃത്രിമകൊടുംകാടു തന്നെ നമ്മുക്ക് വികസിപ്പിച്ചെടുക്കാൻ സാധിച്ചേക്കാം. പക്ഷെ തല്ക്കാലം കുന്നും മലയും ഉണ്ടാക്കാനുള്ള ടെക്നോളജി നമ്മുക്കില്ല..
ജെ.സി.ബി. കൾ പാറ്റ കണക്കേ ഭൂമിയെ കാർന്നു തിന്നാനുള്ള ആർത്തിയോടെ പരപരാ പാഞ്ഞുനടക്കുന്നു.. അനാദി കാലം മുതൽ ഈശ്വര മഹത്വം പേറി തല ഉയർത്തി നിന്ന മലകൾ ദിവസങ്ങൾ കൊണ്ട് ചുവന്ന പൊടിമണ്ണ് പറക്കുന്ന നിരപ്പ് ആകുന്നു.. ഒരു നാടിന്റെ ജല ലഭ്യതയും ഉറവകളും കാറ്റിന്റെ ദിശയും താപവിതരണവും പ്രകാശ ക്രമീകരണവും ഒരു സൂപ്പർ കമ്പ്യൂട്ടർ എന്ന പോലെ അത്ഭുതകരമായി നിയന്ത്രിക്കുന്ന കുന്നുകൾ എത്ര നിസാരമായാണ് നാം തകര്ക്കുന്നത്. ഒരു പക്ഷെ ആ കുന്നിന്റെ ഉപരിതലം ഉൾപ്പെടുന്ന സ്ഥലം നിങ്ങളുടെ ആധാരത്തിൽ ഉണ്ടായിരിക്കും.പക്ഷെ ആ കുന്നു ഒരു നാടിന്റെ സ്വത്ത് ആണ്. അതിനെ നശിപ്പിക്കുക വഴി നാട് മുടിക്കാൻ വഴിമരുന്നു ഇടുകയാണ് ചെയ്യുന്നത്.
മെശിയാനികരായ നമ്മുക്ക് ഒരു മാതൃക കാട്ടിക്കൂടെ. നമ്മുടെ പള്ളികളും സ്ഥാപനങ്ങളും പണിയുമ്പോളെങ്കിലും കുന്നിടിക്കാതെയും വയലുകൾ നികത്താതെയും ജലസ്രോതസ്സുകളും ചതുപ്പുനിലങ്ങളും വിഴുങ്ങാതെയും ഇരുന്നുകൂടെ? പള്ളി മുറ്റത്തു റ്റയിൽസ് ഇടാതെ ഭൂമിയെ ശ്വാസം മുട്ടിക്കാതിരുന്നൂടെ? അങ്ങനെ ഒരു നല്ല മാതൃക കാട്ടിക്കൂടെ? നമ്മുടെ ഹൈന്ദവ സഹോരങ്ങളുടെ ആരാധനാലയങ്ങൾ മാതൃകയാക്കുക. ക്ഷേത്രങ്ങൾ പണിയുമ്പോൾ അവർ കുന്നിടിച്ചു നിരത്താറില്ല.. എത്ര പവിത്രമായാണ് കാവുകൾ സംരക്ഷിക്കപ്പെടുന്നത്. കാവുകൾ എന്നാൽ ആ നാടിന്റെ സ്വാഭാവിക സസ്യജാലപ്രകൃതി ആണ്. നമ്മുക്കും വേണം അത്തരമൊരു മനോഭാവം. അതിനായി സൃഷ്ടികളിൽ ദൈവത്തെ കാണാനുള്ള കണ്ണുകൾ വീണ്ടെടുക്കാം. സുറിയാനി സഭാ പിതാവായ മാര് അപ്രേമിൽ ഈ ദർശനം കാണാമായിരുന്നു. അടിയുറച്ച പ്രകൃതി സ്നേഹിയായിരുന്നു അദ്ദേഹം. പ്രകൃതിയെ ദ്രോഹിക്കുന്ന ഒരുവനും മേശിയാനിക ആദ്ധ്യാത്മികതയിൽ ഒരിക്കലും വളർച്ച ഉണ്ടാകില്ല.
ഓർക്കുക. നാം പ്രകൃതിയുടെ ഉടയവർ അല്ല. ഉടയവൻ അവയെ പടച്ചവൻ - ദൈവം ആണ്. നാം കാര്യസ്ഥരാണ്.. കാവൽക്കാരാണ്.
ചേർത്തു വായിക്കുവാൻ....
പള്ളി നിർമാണം സഭയുടെ ആരാധനാ ക്രമ ആവശ്യങ്ങൾ പരിപൂർണ്ണമായി നിർവഹിക്കപ്പെടുക എന്ന ലക്ഷ്യത്തിനപ്പുറം ബാഹ്യമായ പ്രദർശനത്തിനുള്ള വേദി ആയി തീരുന്നുവോ എന്ന് സഗൌരവം ചിന്തിക്കേണ്ടിയിരിക്കുന്നു....
പുതുക്കി പണിത യാക്കോബായ പള്ളികല്ക്ക് ഒരു ഐക്യരൂപ്യം കണ്ടിട്ടുണ്ട്.. അത് നമ്മുടെ സഭയിലും പ്രാവർത്തികമാക്കിയാൽ ദൈവാലയ നിർമാണത്തിലെ അനാവശ്യ ധൂർത്ത് ഒഴിവാക്കാം.. നമ്മുടെ പാരമ്പര്യത്തിനനുസരിച്ചുള്ള വാസ്തു വിദ്യയിൽ എല്ലാ പള്ളികളും പണിയണം എന്നൊരു തീരുമാനം എടുക്കുക. നമ്മുടെ ഇടയ്ക്കു ഒരു മത്സരം കാണുന്നുണ്ട് പള്ളിപണിയിൽ .. ഗോഥിക് / ബൈസന്റൈൻ മാതൃകകളിൽ (കൃത്യമായി പറഞ്ഞാൽ വെറും അനുകരണങ്ങളിൽ ) ആണ് പലപ്പോഴും. ചിലപ്പോൾ യൂറോപ്പിന്റെ ഏതെങ്കിലും മൂലയ്ക്കുള്ള ചില "ലോക്കൽ " മാതൃകകൾ കൂടി വരാറുണ്ട് എന്ന് തോന്നുന്നു..! രണ്ടാമതൊരു സെന്റ് പീറ്റർ സ ബസലിക്കയ്ക്കൊ ഹഗിയ സോഫിയയ്ക്കോ നോത്രദാം -നോ കലാപരമായി യാതൊരു മൂല്യവുമില്ല എന്ന് മനസിലാക്കുക- കാരണം അവയെല്ലാം വെറും അനുകരണങ്ങൾ മാത്രമാണ്.
എല്ലാ പള്ളികളും ഒരേ മാതൃകയിൽ പണിതാൽ ഈ മത്സരം ഒഴിവാക്കാം. ആരാധനാ ക്രമത്തെയും സ്വന്തം പാരമ്പര്യത്തെയും ഒരു തരത്തിലും പിന്താങ്ങാത്ത പള്ളികൾ പണിയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.. നമ്മുടെ നാടിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയെയും ( ചൂട്, ഈർപ്പം , കാറ്റ്, അന്തരീക്ഷ മർദ്ദം, മണ്ണിന്റെ ഉറപ്പ് ) കാര്യമായി പരിഗണിക്കേണ്ട ഒന്നാണ്.. കേരളത്തിൽ ഇറ്റാലിയൻ പള്ളികൾ പണിയുന്നത് ഒരു തരത്തിൽ മത കൊളോനിയലിസത്തിന്റെ ഫലമായ നമ്മുടെ ദൈവശാസ്ത്രപരമായ അടിമതത്തത്തെയും അപകര്ഷതാ ബോധത്തെയും ലോകത്തോട് വിളിച്ചോതുകയല്ലേ ചെയ്യുന്നത് എന്ന് ചിന്തിക്കണം. അത് നമ്മുക്ക് ഭൂഷണമാണോ?
അതുപോലെ കണ്ടു വരുന്ന ഒന്നാണ് പള്ളി പരിസരങ്ങളിലെ മരങ്ങളും മറ്റും മുറിച്ചു മാറ്റി മുറ്റത്തു ടൈൽസ് ഇടുന്നതും ആരാധനാ ക്രമ ഭക്തിയുമായി ബന്ധമില്ലാത്ത കോണ്ക്രീറ്റ് "പൂന്തോട്ടങ്ങൾ " പണിയുന്നതും.. പള്ളിയോടു അടുക്കുന്ന വിശ്വാസിയെ സംബന്ധിച്ചു ശാന്തത വലിയൊരു ഘടകം ആണ്.. പ്രാണവായൂ സമ്പന്നമായ അന്തരീക്ഷത്തിൽ മനസ്സ് ഒന്ന് തണുക്കുന്നു.. (നമ്മുടെ നാട്ടിലെ അമ്പല പരിസരങ്ങൾ ഉദാഹരണം ).. ഇത് മനസ്സ് ആത്മീയതയിലേക്ക് ഉയർ ത്താൻ സഹായകം ആണ്.. ഇന്ന് പല പള്ളി പരിസരങ്ങളിലും "കാക്കക്കിരിയ് ക്കാൻ" പോലും തണലില്ല.. ! പൊടിയും ചുട്ടു പൊള്ളുന്ന വെയിലും...!
നമ്മുടെ പള്ളികൾ നമ്മുടെ സഭയുടെ ആയിരിക്കട്ടെ... അവളുടെ ആത്മീയ ആരാധനാക്രമത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രകാശനം ആകട്ടെ... ലാളിത്യത്തിന്റെ ഗാംഭീര്യം ആവട്ടെ അതിന്റെ മു
No comments:
Post a Comment