LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, March 21, 2019


പരിസ്ഥിതിയും നസ്രാണിയും🌱🌳🌴🌴🌵☘️🍀 മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ മെശിയാനിക ആധ്യാത്മികതയിൽ വളരുക എന്നത് തികച്ചും അസാധ്യമാണ്. നസ്രാണിയുടെ മെശിയാനിക ആരാധനയും ധ്യാനവുമൊക്കെ ഇന്ന് ശബ്ദ മലിനീകരണത്തിന്റെ മുഖ്യ കാരണങ്ങൾ ആയി മാറുമ്പോൾ ഒരു തിരിഞ്ഞു നടപ്പു അത്യാവശ്യമാണ്. പരിസ്ഥിതിയെയും ആധ്യാത്മികതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ യൂറോപ്പിലെ മാർപ്പാപ്പയുടെ പരിസ്ഥിതി സംരക്ഷണത്തക്കുറിച്ചുള്ള ചാക്രിക ലേഖനം വേണ്ടി വന്നു എന്നത് ഭാരതത്തിലെ മാർ തോമാ നസ്രാണിയെ സംബന്ധിച്ച് നാണക്കേടാണ്. *സുറിയാനി സഭയുടെ മൽപ്പാനും റൂഹാദ്ക്കുദിശായുടെ വീണയും ആയ മാർ അപ്രേമിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ആഴമേറിയ ദർശനങ്ങളെക്കുറിച്ചു പോലും മലബാറിലെ സുറിയാനി സഭാ മക്കൾക്ക് കേട്ടുകേൾവി പോലും ഇല്ല എന്നതിൽ സഭാ നേതൃത്തവും ലജ്ജിക്കണം.* ഇതൊന്നും ഇല്ലെങ്കിലും ഭാരതീയരായ സാധാരണക്കാർക്ക് അവരുടെ വേദ ഗ്രന്ഥങ്ങൾ ആയ സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗാന്ധിജിയിലും അന്വേഷിച്ചാല്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു വ്യക്തമായി ബോധ്യപ്പെടും. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. സ്നേഹത്തിൽ ഉള്ള ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ സഭാനേതൃത്വം ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണല്ലോ, പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന പ്രവൃത്തികള്‍ പാപമാണെന്നും അവയെപ്പറ്റി കുറ്റബോധം ഉണ്ടായി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കേണ്ടവയാണെന്നും അടുത്ത കാലത്തുണ്ടായ KCBC യുടെ വിലയേറിയ ഓര്‍മ്മപ്പെടുത്തല്‍. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആഴമായ സന്ദേശം ഇതാണ്. ഭൂമിയും അവളുടെ ധാരാളിത്വവും നമുക്ക് മുന്‍തലമുറയില്‍ നിന്ന് കിട്ടിയിട്ടുള്ള വീതമല്ല, മറിച്ച്, ഭാവിയെലെ കുഞ്ഞുങ്ങളില്‍ നിന്ന് നാം താത്ക്കാലികമായ ഉപയോഗത്തിനായി കടംകൊണ്ടിട്ടുള്ളവയാണ്‌ എന്നതത്രേ. ഭൂമിയെ നാം കുറെ നാളത്തേയ്ക്ക് മാത്രം ഉപയോഗിക്കുന്ന വാടകവീടായും കണക്കാക്കാം. അതില്‍ നമ്മള്‍ കേടുപാടുകള്‍ വരുത്തിയാല്‍ ഒരു പക്ഷെ, വാടക ചീട്ട് പുതുക്കിത്തരാതിരിക്കാന്‍ ഉടമസ്ഥന് തീരുമാനിക്കാം. അശ്രദ്ധ ഗുരുതരമെന്ന് കണ്ടാല്‍, താമസക്കാരെ നേരത്തെ ഒഴിപ്പിക്കാനും വകുപ്പുണ്ട് എന്ന് നാം മറക്കാതിരിക്കുന്നത് നന്ന്. *നിങ്ങൾ ഭൂമി എന്നേക്കുമായി വിൽക്കരുത്. എന്തെന്നാൽ ഭൂമി എന്റേതാണ്. നിങ്ങൾ പരദേശികളും കുടികിടപ്പുകാരുമാണ് ( ലേവ്യർ 25:23)* എന്റെ വീടും പറമ്പും എന്ന ഇടുങ്ങിയ സ്വാർത്ഥ ചിന്തക്ക് പകരം ഭൂമി മുഴുവന്‍ നമ്മുടെ വീടാണ് എന്നു വിശാലമായി ചിന്തിക്കാൻ പഠിക്കുക എന്നതാണ് ഇക്കൊളജിയുടെ അന്തരാര്‍ത്ഥം. എന്നാൽ ഇന്ന് സംഭവിക്കുന്നതോ? എല്ലാം കച്ചവടമായി മാറുകയാണ്. ധനമാണ് എവിടെയും ചാലകവസ്തു.സ്വാർത്ഥത വളരെയധികം വളർന്നിരിക്കുന്നു. ഇന്നിന്റെ നാർസിസ്റ്റ് തലമുറ പ്രകൃതി എന്നല്ല ദൈവത്തിനെ പോലും കാര്യാ സാധ്യത്തിനായി മാത്രം ഉപയോഗിച്ചു തള്ളുന്നു. ഇന്നത്തെ ശബ്ദ മലിനീകരണത്തിന്റെ പ്രധാന സ്രോതസ് കാര്യ സാധ്യ പ്രാര്ഥനകൾകൊണ്ടു നിറഞ്ഞ കരിസ്മാറ്റിക്ക് ധ്യാനം എന്ന ഓമനപ്പേരിൽ അയപ്പെടുന്ന ഭക്ത മെഗാ ഷോകൾ ആണ്. ബഹളത്തിന്റെയും ചൂഷണത്തിന്റെയും ആത്മീയത ആണ് എങ്ങും. ധനം ആണ് ദൈവം. ഫാ. ബോബി ജോസ് ഈശോയുടെ മരുഭൂവിലെ ഉപവാസത്തിനും ധ്യാനത്തിനും ശേഷമുള്ള പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ ആഴമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോള്‍ ഈശോ തനിച്ചായിരുന്നു. എന്നാല്‍ മൂന്നു സുവിശേഷങ്ങളിലും അതെപ്പറ്റി പരാമര്‍ശമുണ്ട് എന്നതിനാൽ ഇങ്ങനെയൊരു അനുമാനം ശരിയാകാം, അതില്‍ വളരെ കാതലായ സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതിനാല്‍, ഈശോ തന്നെ ശ്ളീഹാന്മാരോട് തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ടാവണം. ഈ പ്രലോഭനങ്ങളെല്ലാം ദൂരെക്കാഴ്ച്ചയെ മറക്കാനും തൊട്ടടുത്തുള്ള നേട്ടങ്ങളെ തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം വിശന്നുവലഞ്ഞിരിക്കുന്ന ഈശോയിക്കു കല്ലിനെ അപ്പമാക്കിക്കൂടേ എന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അപ്പം അത്ര പെട്ടെന്ന് കൈയില്‍ വരുന്ന ഒന്നല്ല. കല്ല്‌ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ പരിണാമത്തിനു ശേഷമാണ് ഉര്‍വ്വരതയുള്ള മണ്ണായിത്തീര്‍ന്ന് അപ്പമുണ്ടാക്കാനുള്ള ധാന്യത്തെ വളര്‍ത്തുന്ന മൂലകമായിത്തീരുന്നത്. അതിന് നീണ്ട ക്ഷമയും കാത്തിരിപ്പും ആവശ്യമുണ്ട്. അതിനു തയ്യാറല്ലാത്തവരാണ് കാണുന്ന പാറയെല്ലാം പൊട്ടിച്ച് ഉടനടി കാശാക്കി മാറ്റാന്‍ നോക്കുന്നത്. ഇത്തരം കുറുക്കുവഴികള്‍ പ്രകൃതിയെ കൊല്ലുന്നു എന്നു മനസ്സിലാക്കുക. ഓരോരുത്തരുടെയും ആത്യാത്മികതയുടെ ഭാഗമായി തീരണം സകല ജീവജലങ്ങളോടുമുള്ള സ്നേഹവും സംരക്ഷണ മനോഭാവവും. അത് മറക്കുന്നിടത്തു ആത്മീയതയില്ല എന്ന് ഈശോയുടെ പെരുമാറ്റത്തില്‍ നിന്ന് നാമറിയണം. സ്നേഹത്താൽ നിറയപ്പെട്ടവർക്കു ഒരു ഉറുമ്പിനെ പോലും പിന്നെ കൊല്ലുക അസാധ്യമായി തീരും. രാസവളങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ നേരംകൊണ്ട് അധികം വിളവുണ്ടാക്കുന്നതും ഇതേ രീതിയിലുള്ള മണ്ണിനോടുള്ള കയ്യേറ്റമാണ്. കീടനാശിനികള്‍ ഒരു കണക്കുമില്ലാതെ മണ്ണില്‍ ചേര്‍ക്കുന്നത് ഭൂമിയെ വിഷംകൊടുത്ത് കൊല്ലുന്നതിനു തുല്യമാണ്. ഭൂമിയും അവള്‍ പോറ്റുന്ന ജീവികളും മനുഷ്യനെ വിശ്വസിക്കുന്നു, എന്നാല്‍ നമ്മള്‍ ആ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, വിഷംകൊടുത്ത് അവയെ സാവധാനം കൊല്ലുക എന്നത് വളരെ ഹീനമായ പാപമാണ്. *"നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്"(സംഖ്യാ 35:33)* താഴേയ്ക്ക് ചാടൂ, മാലാഖാമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന് പിശാചു പറയുമ്പോള്‍, പ്രകൃതിനിയമത്തെ ലംഘിക്കാം, ഒന്നും വരാന്‍ പോകുന്നില്ല എന്നാണ്‌ അവന്‍ ഈശോയെ പ്രലോഭിപ്പിക്കുന്നത്. കുറെ ചില്ലറ നേര്ച്ചയിട്ടിട്ട്, അല്ലെങ്കില്‍ ഒരു കുര്‍ബാന ചൊല്ലാന്‍ പണം കൊടുത്തിട്ട്, എന്റെ കാര്യത്തില്‍ ദൈവം പ്രകൃതിനിയമത്തെ വകവയ്ക്കാതെ ചില അത്ഭുതങ്ങള്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നതും ഇത്തരം പ്രലോഭനത്തിനു വഴങ്ങുകതന്നെയാണ്. ബഹളത്തിന്റെ മെഗാ ഷോ ആധ്യാത്മികത സ്വാർത്ഥതയുടെ വിഷം നിറഞ്ഞ ഈ ശൈലിയാണ് സകലരിലേക്കും കുത്തിവെച്ചുകൊണ്ടിരിക്കുന്നത്. എല്ലാ പരിഷ്കൃതരാജ്യങ്ങളും കൈവെടിഞ്ഞ ആണവോര്‍ജ്ജ-സാങ്കേതികവിദ്യയും ബ്രഹുത്ത് ഡാമുകൾ പണിയാനുള്ള തീരുമാനവുമൊക്കെയായി ഏകാധിപത്യ രീതിയിൽ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുത്തരവാദികള്‍ പ്രതീക്ഷിക്കുന്നത്, നമ്മുടെ കാര്യത്തില്‍ ഒരദ്ഭുതം തന്നെ നടക്കും, ഇതിനു മുമ്പ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ ഒരാപത്തും ഇവിടെ ഉണ്ടാവില്ല എന്നല്ലേ? പരിസരത്തിനും മനുഷ്യര്‍ക്കും വിപത്താകുമെന്ന്‌ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം സാഹസങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന അധികാരികള്‍ക്കെതിരെ എല്ലാ വിധത്തിലും പ്രധിരോധം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കടമയുണ്ട്. തന്നെ കുമ്പിട്ടാരാധിക്കുക എന്നാണ് ഈശോയോട് മൂന്നാമതായി പിശാച് പറഞ്ഞത്. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് വാക്കുകൊടുത്തിട്ടാണ് ഓരോരുത്തരും മാമോദീസാ മുങ്ങി സഭയിലേക്ക് വന്നത്. മാമോദീസാ സ്വീകരിച്ചു മെശിയാനികർ ആയി തീർന്ന നമ്മൾ സമ്പന്നതയുടെയും താത്ക്കാലിക സൌകര്യത്തിന്റെയും ഇത്തരം പ്രലോഭനങ്ങള്‍ക്കു സമ്മതം മൂളുമ്പോള്‍ അത് ഭൂമിയോടും സഹോദരങ്ങളോടും ഭാവിയിലെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന്, അത് തിന്മകള്‍ക്കു (പിശാചിനു) മുമ്പില്‍ മുട്ടുമടക്കുകയാണെന്നുള്ള തിരിച്ചറിവ് യദാർത്ഥ ആത്മീയതയിൽ നിന്ന് കിട്ടുന്ന സാമാന്യ ബോധമാണ്. ഒരു കടിഞ്ഞാണുമില്ലാതെ, പരോക്ഷമായ തിന്മകളെയും പ്രത്യക്ഷമായ ആഡംബരങ്ങളെയും തിരഞ്ഞെടുത്ത്‌, സുഖലോലുപമായ ഒരു ജീവിതചര്യയെ മെനഞ്ഞെടുക്കാന്‍ മാടിവിളിക്കുന്ന റ്റി.വി. പരസ്യങ്ങള്‍ മണിക്കൂറില്‍ മുപ്പതു തവണയെങ്കിലും കാണുകയും അവയില്‍ ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു താക്കീതുപോലും നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്ന വിശ്വാസികളെ കാര്യത്തിന്റെ ഗൌരവം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പള്ളിയില്‍ ദൈവവചനം പ്രഘോഷിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് അവസരം കണ്ടെത്തുന്നില്ല? അടിസ്ഥാന മൂല്യങ്ങള്‍ക്കു വിലയില്ലാതാകുമ്പോള്‍ പരിസ്ഥിതി നശിക്കും. പരിസ്ഥിതിബഹുമാനം തെല്ലും ശീലിക്കാത്തവരുടെ ഭക്തി വെറും പുറംപൂച്ചാണ്. മത ഭ്രാന്തും വൈകാരികതയുടെ ഭക്തി പ്രസ്ഥാനങ്ങളും യദാർത്ഥ സഭാത്മക സ്നേഹത്തിന്റെ ആത്യാത്മികതയിൽ നിന്ന് മനുഷ്യനെ അകറ്റുന്നു. ഗീതയിലെ ഒരദ്ധ്യായം തന്നെ ഭക്തിയോഗത്തെപ്പറ്റിയാണ്‌. പാരിസ്ഥിതികമായ ധാരാളം കാഴ്ചപ്പാടുകള്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ നമുക്കും ആകണം. ഉദാ. പന്ത്രണ്ടാമദ്ധ്യായത്തില്‍ ഇങ്ങനെ വായിക്കാം. യേ തു ധര്മ്മ്യാ മൃതമിദം യഥോക്തം പര്യുപാസ തേ ശ്രദ്ധധാനാ മത്പരമാ: ഭക്താസ്തേ/തീവ മേ പ്രിയാ: എന്നെത്തന്നെ പരമമായി കരുതി, ഈ ധര്മ്മ്യാമൃതത്തെ ഇപ്പറഞ്ഞതിന്‍പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയരാകുന്നു. സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം) ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ഭക്തി എന്നത് സാര്‍വ്വലൌകികമായ നൈസര്‍ഗ്ഗിക ധര്‍മ്മമാണ്. കാരണം, എല്ലാ ജീവനും പ്രപഞ്ചജീവനോട്‌ സഹാജാഭിമുഖ്യമുണ്ട്. ജീവന്റെ അടിസ്ഥാനപരമായ ശേഷിയാണ് പങ്കുവയ്ക്കാനുള്ള (സ്നേഹിക്കാനുള്ള) കഴിവ്. ഭക്തി അതിന്റെ ഒരു ഭാഗമാണ്. മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മ്മം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണ് വേണ്ടത്. അതുണ്ടായാല്‍, എല്ലാ ദാരിദ്ര്യവും അവസാനിക്കും. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല, ഉല്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കാക്കരുത് എന്നാണു ഗീതയുടെ പാഠം. ജീവിതത്തില്‍ മനോസുഖവും ശാന്തിയും ആഗ്രഹിക്കുന്നെങ്കില്‍, അതിനു പ്രഥമപ്രധാനമായി വേണ്ട കാര്യം അകത്തും പുറത്തും സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഭൂമിയെ സംബന്ധിച്ചു പറയുമ്പോള്‍, കടലും മലകളും പുഴകളും വൃക്ഷങ്ങളും പക്ഷിമൃഗാദികളും അവരവരുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. ആന്തരികമായ ഈ ബന്ധത്തെ തകര്‍ത്ത്, അസ്വാരസ്യമുണ്ടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഒരു മരത്തിന്റെ ഉദാഹരണം മാത്രമെടുത്താല്‍, അത് വെട്ടിമാറ്റപ്പെടുമ്പോള്‍, ചുറ്റുപാടുമുണ്ടായിരുന്ന തണല്‍ നഷ്ടപ്പെടുന്നു. നിലം ചൂടാകുന്നു. ആ വൃക്ഷത്തെ ആശ്രയിച്ചിരുന്ന പക്ഷികളും മറ്റനേകം ജീവികളും സ്ഥലംവിടുന്നു. മരത്തിന്റെ ഇലകളുടെയും പൂക്കളുടെയും കനികളുടെയും ഗന്ധം ഇല്ലാതാകുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരുകള്‍ സ്ഥാപിച്ചിരുന്ന വായു- ജൈവോര്‍ജ്ജസഞ്ചാരങ്ങള്‍ നിലക്കുന്നു. സന്തുലിതമായിരുന്ന ആ ഇടം അസന്തുലിതമായ മറ്റൊരു ഇടമായി മാറുന്നു. പരിസ്ഥിതിയെപ്പറ്റിയും മെശിയാനിക ആധ്യാത്മികതയെപറ്റിയും ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട മറ്റൊരു പ്രധാന കാര്യം മനുഷ്യരാശിക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെയും മെശിയാനിക ആധ്യാത്മികതയുടെയും നിഗൂഡഭാഷയാണ്‌. (Mystic nature) പ്രകൃതിക്ക് ഒരു ഗൂഡാത്മകതയുണ്ട്. പ്രകൃതിയുടെ ഒരു കണ്ണിയായി കഴിഞ്ഞിരുന്നത്രയും കാലം മനുഷ്യനും അതില്‍ പങ്കുപറ്റിയിരുന്നു. തനതായ ഭാഷകള്‍ രൂപപ്പെടുത്തിയെടുക്കുന്നതുവരെ ജീവജാലങ്ങളുടെ മൌനഭാഷയുപയോഗിച്ച് അവനും മരങ്ങളും മൃഗങ്ങളും പക്ഷികളുമായി സംവദിച്ചിരുന്നു എന്നത് സ്വാഭാവികമാണ്. സാര്‍വത്രികവും ദൈവികവുമായ ഒരു തലം ആ ബന്ധത്തിലുണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള ബാക്കിയെല്ലാം ഇന്നും ഇങ്ങനെ പരസ്പരം സംവദിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം ഒന്നും മനസ്സിലാക്കാനാവാതെ, സ്വന്തം വഴിക്ക് ചരിക്കുകയും അത് പ്രകൃതിക്ക് എതിരാവുകയും ചെയ്യുന്നു. പ്രാകൃതികമായ ഈ സംവാദനവിരുത് നാം തിരിച്ചുപിടിക്കണം. നമ്മുടെ ഇടപെടലുകള്‍ പ്രകൃതിയെ എങ്ങനെയെല്ലാം നോവിക്കുന്നു, മുറിപ്പെടുത്തുന്നു, കൊല്ലുന്നു എന്നൊക്കെ തിരിച്ചറിയാന്‍ അതാവശ്യമാണ്. പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറിയുന്നതിലൂടെ മാത്രമേ അതിലൊളിഞ്ഞിരിക്കുന്ന വശ്യതയും മനോഹാരിതയും നാം അനുഭവിച്ചറിയുകയുള്ളൂ. ദൈവം മനുഷ്യന് നൽകിയ കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നത്. ഭാരതീയ ആധ്യാത്മികതയിലും അഹിംസയുടെ ആഴമേറിയ അർത്ഥ തലങ്ങൾ കാണാം. (Thou Shalt Not Kill The exact Hebrew of this biblical phrase is "lo tirtzack" which accurately translates as "any kind of killing whatsoever.") ആദിമ മനുഷ്യന് പറുദീസായിൽ യാതൊന്നിനെയും കൊല്ലേണ്ട ആവിശ്യം ഇല്ലായിരുന്നു. ജീവജാലങ്ങൾ എല്ലാം പരസ്പരം സുഹൃത്തുക്കൾ ആകുമ്പോൾ മനുഷ്യൻ മാത്രമല്ല ഒരു മൃഗവും പരസ്പരം കൊന്നു തിന്നിരുന്നില്ല എന്ന ഒരു വലിയ ആശയം ഉല്പത്തി പുസ്തകത്തിൽ നിന്ന് മനസിലാക്കി എടുക്കാം. പാപം ചെയ്യുന്നതിന് മുൻപ് മനുഷ്യൻ സസ്യഭുക്ക് ആയിരുന്നതായി ഉത്പ്പത്തി പുസ്തകത്തിൽ നാം കാണുന്നു. മനുഷ്യൻ മാത്രമല്ല സകല ജീവികളും സസ്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾ മാത്രം കഴിച്ചു ജീവിക്കുന്നവ ആയിരുന്നു. (ഉത്‌പ്പത്തി1:29,30) സകലതും സകലതിനോടും സ്നേഹത്തിൽ ബന്ധപ്പെട്ട് പരസ്പര കരുതലോടെ ജീവിച്ചു. ഒരു ചെറു ജീവൻ പോലും അവിടെ സംരക്ഷിക്കപ്പെട്ടു. ഏദൻ തോട്ടം കൃഷി ചെയ്യുവാനും സംരക്ഷിക്കുവാനും ആയി ദൈവമായ കർത്താവു മനുഷ്യനെ അവിടെയാക്കി എന്ന് ഉൽപ്പത്തി പുസ്തകം രണ്ടാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ നാം കാണുന്നു. പ്രകൃതിയെ സംരക്ഷിക്കുക, കൃഷി ചെയ്യുക എന്നതൊക്കെ ആദിമ മനുഷ്യന് ദൈവം നൽകിയ ഉത്തരവാദിത്തം തന്നെ ആയിരുന്നു എന്ന് ഇവിടെ കാണാം. മനുഷ്യന് സുഹൃത്തുക്കളായി മൃഗങ്ങളെ ദൈവം നൽകി. അവക്ക് പേരിടാൻ മനുഷ്യന്റെ അടുത്തേക്ക് ദൈവം അവയെ കൊണ്ട് വന്നു. സ്നേഹത്തോടെ അവക്ക് ഓരോന്നിനും അവൻ പേരു നൽകി. ( ഉല്പത്തി 2:20). നാം സ്നേഹിക്കുന്ന വളർത്തു മൃഗങ്ങൾക്ക് നാം പേരിടുന്ന പോലെ തന്നെ ആദി മനുഷ്യനും അവക്ക് പേരിട്ടു. അങ്ങനെ സകല ജീവജാലങ്ങളുടെയും സുഹൃത്തും സംരക്ഷനുമായി ദൈവം മനുഷ്യനെ ചുമതലപ്പെടുത്തി. സ്നേഹത്തിൽ നിന്ന് ഉണ്ടാകുന്ന വലിയ സൗഹൃദം ആയിരുന്നു ആദി മനുഷ്യനെപ്പറ്റിയുള്ള ബൈബിൾ വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. സ്നേഹമെന്ന ദൈവത്തെ ആരാധിക്കുന്നവന് സ്നേഹത്തോടെ അല്ലെ സഹ ജീവികളോട് പെരുമാറാൻ സാധിക്കു. അതൊരു ചെറിയ ഉറുമ്പാണെങ്കിൽ പോലും. എന്നാൽ ഇന്ന് നമ്മുടെ ആധ്യാത്മിക ഇതൊക്കെ നമ്മെ പഠിപ്പിക്കുന്നുണ്ടോ? സഹ ജീവികളോടുള്ള കരുതലും സ്നേഹവും മനുഷ്യന് നഷ്ട്ടപ്പെട്ടു. ഒരിക്കലും അവസാനമില്ലാത്ത സകലത്തിനെയും ഉൾക്കൊള്ളുന്ന സ്നേഹമെന്ന ദൈവത്തിനു പകരം വെറും തന്റെ കാര്യങ്ങൾ സാധിച്ചെടുക്കാനുള്ള വെറും കാര്യ സാധ്യ ദൈവമാക്കി ദൈവത്തെ പോലും സ്വാർത്ഥത നിറഞ്ഞ മനുഷ്യൻ പാടെ ഒതുക്കി കളഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്ത് മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തി മനുഷ്യൻ അവന്റെ സുഖം മാത്രം തേടി നടക്കുന്നു. പ്രകൃതിയിൽ പാപ രക്തം വീണതോടെ കൃഷി ചെയ്തിട്ടും മണ്ണ് ഫലം തരാതായി (ഉൽപ്പത്തി 4:12). നിരന്തരമായ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു. പ്രകൃതി പോലും മനുഷ്യന്റെ പാപം മൂലം ആണ് മനുഷ്യനെതിരെ തിരിയുന്നതെന്നു മനസിലാക്കാനുള്ള ആധ്യാത്മികത പോലും നമുക്കിന്ന് ഇല്ലാതായിരിക്കുന്നു.. ("നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്"(സംഖ്യാ 35:33)) ആദിമ മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ ഉണ്ടായിരുന്ന സ്നേഹത്താലും പരസ്പര ആശ്രയത്താലും ഉണ്ടായിരുന്ന പറുദീസയിലെ മനോഹരമായ ആ പഴയ ജീവിതാവസ്ഥയിലേക്ക് തിരിച്ചു പോകാൻ ഈ വൈകിയ വേളയിൽ എങ്കിലും നമുക്കൊന്നു ശ്രമിച്ചൂടെ? മിശിഹാ സകല പാപങ്ങളും നീക്കി നമ്മെ പഴയ ചൈതന്യത്തിലേക്കു തിരിച്ചു കൊണ്ടു വന്നിരിക്കുന്ന ഈ സാഹചര്യം അതിനു ഏറ്റവും ഉത്തമം അല്ലെ? പ്രത്യേകിച്ച് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും ആധ്യാത്മിക മാർഗ്ഗം ആയി സ്വീകരിച്ചിരിക്കുന്ന ഭാരതീയരായ മാർത്തോമാ നസ്രാണികൾക്കു അതിൽ കൂടുതൽ ഉത്തരവാദിത്തം ഇല്ലേ? പ്രകൃതിയെയും മനുഷ്യസഹോദരങ്ങളെയും സ്നേഹിക്കുന്ന, 'വസുധൈവ കുടുംബകം' എന്ന് ഉദ്ഘോഷിക്കുന്ന, 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് ഉടയതമ്പുരാനോട് ആത്മാർത്ഥമായി പ്രാർതിക്കുന്ന ആ വിശുദ്ധ ശൈലിയല്ലേ നസ്രാണിയുടെ മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും. അഹിംസയിളും യദാർത്ഥ സ്നേഹത്തിലും അടിസ്ഥാനമിട്ട യഥാർത്ഥ ഭാരതീയ ശൈലി തന്നെ ആണത്. നമുക്ക് കാതലായ നന്മകളെ കൈക്കൊള്ളം. നമ്മുടെ അനുകരണീയ മാതൃകാ ജീവിത ശൈലി കണ്ടു നമ്മുടെ സഹോദരങ്ങളുടെ ഇടയിൽ നമ്മുടെ ഗുരുവും നാഥനും ആയവൻ മഹത്വപ്പെടട്ടെ. ഓർക്കുക സഹോദരങ്ങളെ. നിങ്ങൾ ഭൂമി എന്നേക്കുമായി വിൽക്കരുത്. എന്തെന്നാൽ ഭൂമി എന്റേതാണ്. നിങ്ങൾ പരദേശികളും കുടികിടപ്പുകാരുമാണ് ( ലേവ്യർ 25:23) *നാം പ്രകൃതിയുടെ ഉടയവർ അല്ല. ഉടയവൻ അവയെ പടച്ചവൻ - സർവ്വശക്തനായ ആലാഹ ആണ്. നാം കാര്യസ്ഥരാണ്, കാവൽക്കാരാണ്, സംരക്ഷകർ ആണ്.*

No comments: