മരണമില്ലാത്ത അവസ്ഥ
പുഴുക്കളുടേയും ചിലയിനം ഈച്ചകളുടേയും ലാർവകളുടെ ആയുസ് 20 ആഴ്ചവരെ വർധിപ്പിക്കാൻ ഗവേഷകർക്കായിട്ടുണ്ട്. ഈ രീതി മനുഷ്യശരീരത്തിൽ പ്രയോഗിച്ചാൽ ആയുസ് 200 വർഷം വരെയാകും. ചില ഹോർമോണിനോട് പുഴുക്കളുടെ ശരീരം പ്രതികരിക്കുന്ന അവസ്ഥ ജീൻമാറ്റത്തിലൂടെ സൃഷ്ടിച്ചാണ് ആയുസ് വർധിപ്പിക്കുന്നത്. മനുഷ്യർ ഭൂമിയിൽ കാണപ്പെടാൻ തുടങ്ങിയ കാലത്ത് ആയുസ് 18 മുതൽ 20 വർഷംവരെയെന്ന് കണക്കാക്കുന്നു. പകർച്ചവ്യാധികളേയും മറ്റു രോഗങ്ങളേയും നിയന്ത്രിച്ചതുമൂലം ഇപ്പോൾ ശരാശരി 70 വയസിൽ എത്തി നിൽക്കുന്നു.
പ്രത്യുൽപാദന അവയവങ്ങളുടെ ഊർജിത കാലഘട്ടമാണ് ഒരു ജീവിയുടെ ആയുസ് നിശ്ചയിക്കുന്നത്.പ്രത്യുൽപാദന ഘട്ടം കഴിഞ്ഞാൽ ജീവികൾ ക്ഷയിക്കുകയാണ് പതിവ്. മനുഷ്യന്റെ കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്തമാണ്. മറ്റു ജന്തുക്കൾക്കെന്നപോലെ പ്രക്യത്യാലുള്ള ശത്രുക്കൾ മനുഷ്യർക്കില്ല. ശരീരത്തിലെ പ്രവർത്തനങ്ങളാണ് ആയുസ് നിശ്ചയിക്കുന്നത്. ഓക്സിജൻ വിഘടനത്തിന്റെ ഉപോൽപന്നമായ ഫ്രീറാഡിക്കലുകൾ DNA , കോശസ്തരങ്ങൾ ,പ്രോട്ടീൻ എന്നിവയെ ബാധിച്ച് ജരാനരകൾക്കും മാരകരോഗങ്ങൾക്കും കാരണമാകുന്നു.
പ്രാവുകളുടെ ആയുസ് 35 വർഷമാണ് എന്നാൽ അതേ വലുപ്പമുള്ള എലികളുടേത് പ്രാവുകളേക്കാൾ 12 മടങ്ങ് കുറവും.എലികളിൽ ഫ്രീറാഡിക്കലുകൾ കൂടുതലായി പ്രവർത്തിക്കുന്നതുകൊണ്ടാണ്.
പ്രാചീനകാലം മുതൽക്കേ മരണാനന്തര ജീവിതത്തെക്കുറിച്ച് മനുഷ്യൻ സങ്കല്പിച്ചിരുന്നു. ഒരു തിരിച്ചുവരവ് ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഫറവോമാരെ മമ്മികളാക്കി പിരമിഡുകളിൽ സൂക്ഷിക്കാൻ പ്രേരകമായത്. വൈദ്യശാസ്ത്രത്തിലൂടെ മനുഷ്യന്റെ ആയുസ് കൂട്ടാനാകുമെന്ന് ബഞ്ചമിൻ ഫ്രാങ്ക്ളിനും വോൾട്ടയറും അഭിപ്രായപ്പെട്ടു. 1930 ൽ J.B.S ഹാൽഡേൻ ശാസ്ത്രവും ഭാവിയും എന്ന ഉപന്യാസത്തിൽ മനുഷ്യന്റെ അവസ്ഥകളെ മറികടക്കാൻ ശാസ്ത്രത്തിലൂടെ കഴിയുമെന്ന് പറഞ്ഞിരുന്നു.70 കളിലും 80 കളിലും ആയുസ് വർധിപ്പിക്കൽ, ക്രയോണിക്സ്, ബഹിരാകാശകോളനികൾ, സയൻസ്ഫിക്ഷൻ, ഫ്യൂച്ചറിസം എന്നിവ വേരുപിടിച്ചു.സമീപഭാവിയിൽ മാനവരാശി വലിയൊരു സാങ്കേതികമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. നമുക്കു ചുറ്റുമുള്ള ലോകവും നാം ലോകത്തെ കാണുന്ന രീതിയും പാടേ മാറിമറയും, മാത്രമല്ല മനുഷ്യന്റെ പ്രകൃതത്തിലും കാതലായ മാറ്റംവരും.
No comments:
Post a Comment