ചാവേറുകൾ ( മാമാങ്കം )
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.
തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്.
വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള മുൻയുദ്ധങ്ങളിൽ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സിൽ കൊണ്ടുനടക്കുന്നവരുമായിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയിൽ (പിന്നീട് ചാവേർത്തറ) ചെന്ന് പ്രാർത്ഥിച്ചശേഷം നിന്ന് ഇവർ തിരുനാവായ്ക്ക് പുറപ്പെടുന്നു. മാമാങ്കദിനങ്ങളിലോരോന്നിലും വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ(നിലപാടുതറ) സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കുന്നേടത്തേക്ക് ഈ ചാവേറുകൾ കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതി കടന്നുചെന്ന് സാമൂതിരിയെ ആക്രമിച്ച് വധിക്കാൻ ശ്രമിക്കും. സാധാരണയായി എല്ലാവരും സാമൂതിരിയുടെ കാവൽഭടന്മാരാൽ കൊല്ലപ്പെടുകയായിരുന്നു പതിവ്. എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ (ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട്) എന്നി വയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വർഷങ്ങളോളം കാലത്തെ ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെടുകയുണ്ടയില്ല. എന്നാൽ 1695-ലെ മാമാങ്കത്തിൽ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെ എത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചില കഥകളിൽ പരാമർശമുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു.
ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. പല തുരങ്കങ്ങളും ഈ പ്രദേശത്തുകാണാം. 1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നിലപാടുതറയിൽ വച്ച് സാമുതിരി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി അക്കാലത്തെ സാമൂതിരി നിർമ്മിച്ചതാണത് എന്ന് കരുതപ്പെടുന്നു. ചാവേറുകളെ പ്രതിരോധിക്കുന്ന സമയത്ത് പരിക്കേൽക്കേണ്ടിവരുന്ന ഭടന്മാരുടെ ചികിത്സക്കായി സാമൂതിരി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു.ചാവേർ തറയുടെ മുന്നിലെ ചെറിയ ബോർഡിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു .
വള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുനാവായയിലെ മാമാങ്കങ്ങളിൽ പട വെട്ടു ആത്മാഹുതി അനുഷ്ട്ടിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചു .കേരളചരിത്രത്തിന്റെ താളുകളിൽ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വത സ്മരണകൾ ഈ രക്തസാക്ഷി മണ്ഡപത്തിൽ ഉറങ്ങി കിടക്കുന്നു .
ഇവിടെത്തന്നെയുള്ള അൽപ്പാകുളത്തിലാണത്രേ ചാവേറുകൾ കുളിച്ചിരുന്നത്. ഒരു വാണിജ്യമേള എന്ന നിലയിൽ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം പലപ്പോഴും കേരളത്തിൽ ഉയരാറുണ്ടെങ്കിലും പൂർണ്ണമായ തോതിൽ അത് സാദ്ധ്യമായിട്ടില്ല. 1999-ൽ മാമാങ്കം അക്കാലത്തെ സർക്കാറിന്റെ നേതൃത്തിൽ സംഘടിപ്പിച്ചിരുന്നു.
ആധുനിക മാമാങ്കം
✦✦✦✦✦✦✦✦✦✦✦✦✦✦✦
കേരളത്തിലെ ആദ്യകാല മഹോത്സവങ്ങളില്‍ ഒന്നായിരുന്നു പൌഷ മാസത്തിലെ പൂയത്തിലാരംഭിച്ച് മാഘമാസത്തിലെ മകത്തില്‍ അവസാനിക്കുന്ന 28 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന മാമാങ്കം. 12 വര്‍ഷത്തില്‍ ഒരിക്കല്‍ (11 വര്‍ഷം 10 മാസം 15 ദിവസവും കഴിയുമ്പോള്‍) നിളാ നദിയുടെ തീരത്ത് തിരുനാവായയില്‍ ആയിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. 13 നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കോഴിക്കോട് സാമൂതിരി തിരുമലശ്ശേരി നമ്പൂതിരിയുടെയും , കോഴിക്കോട് കോയയുടെയും, കല്പകശ്ശേരി തംബ്രാക്കളുടെയും മറ്റും സഹായത്തോടെ സാമൂതിരി വള്ളുവക്കോനാതിരിയെ തോല്‍പ്പിച്ച് തിരുനാവായയെ തന്‍റെ രാജ്യത്തോട് ചേര്‍ത്തതോടെ മാമാങ്കത്തിന്റെ നിലപാട് നില്‍ക്കുവാനുള്ള അവകാശവും സാമൂതിരിക്ക് വന്നു ചേര്‍ന്നു. . മാമാങ്കം സാമൂതിരിയുടെ കീഴില്‍ വന്നതോടെ മാമാങ്കത്തിന് പല മാറ്റങ്ങളും സംഭവിച്ചു സാമൂതിരിയെ സംബന്ധിച്ച് മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല കേരള ചക്രവര്‍ത്തിയുടെ പ്രഭാവവും പ്രൌഡിയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയായിരുന്നു ഇത്. വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നില്‍ക്കുന്ന സാമൂതിരിയെ കേരളത്തിന്‍റെ മുഴുവന്‍ അധിപനായി കണക്കാക്കിയിരുന്നു. എന്നാല്‍ അഭിമാനിയായ വള്ളുവക്കോനാതിരി സാമൂതിരിയുടെ നിലപാട് നില്‍ക്കുന്നതിനുള്ള അവകാശത്തെ ചാവേറുകളെ അയച്ച് ചോദ്യം ചെയ്തതോടെ നിളയുടെ തീരം ചാവേറുകളുടെ ചോര കൊണ്ട് ചുവന്നു. സാമൂതിരിയുടെ കഥ കഴിച്ച് നിലപാടിനുള്ള അവകാശം വള്ളുവക്കോനാതിരിക്ക് നേടി കൊടുക്കുക എന്നുള്ളതായിരുന്നു ചാവേറുകളുടെ ലക്ഷ്യം. ഓരോ മാമാങ്ക കാലത്തും ചാവേറുകള്‍ മുറതെറ്റാതെ സാമൂതിരിയുടെ കഥ കഴിക്കുവാന്‍ വന്നു ചേര്‍ന്ന് കൊണ്ടിരുന്നു സാമൂതിരിയുടെ ചാവേറുകള്‍ അവരെ തിരിച്ചും പ്രതിരോധിച്ച് തുടങ്ങിയതോടെ മാമാങ്കത്തില്‍ അങ്കത്തിനും പ്രാധാന്യം വന്ന് ചേര്‍ന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകളില്‍ വീരഗാഥ രജിച്ചവരായിരുന്നു കണ്ടര്‍ മേനോനും പുത്രന്‍ ഇത്താപ്പുവും, ചന്ത്രത്തില്‍ പണിക്കരും മരുമകന്‍ ചന്തുണ്ണിയും. ചാവേറുകള്‍ എത്ര പരിശ്രമിച്ചിട്ടും ഒരു സാമൂതിരിയെയും വധിക്കാന്‍ സാധിച്ചിട്ടില്ല പക്ഷെ 1695ല്‍ ചന്ത്രത്തില്‍ ചന്തുണ്ണിയും, 1743ല്‍ മറ്റൊരു ചാവേറും നിലപാട് തറ വരെ എത്തിയെങ്കിലും അവരെ സാമൂതിരിയുടെ സംരക്ഷകര്‍ വെട്ടി വീഴ്ത്തി.
ഏകദേശം 400 വര്‍ഷത്തോളം നില നിന്നിരുന്ന മാമാങ്കം അവസാനമായി കൊണ്ടാടിയത് 1755ല്‍ ആണ്. 1757ല്‍ മറ്റൊരു സംഭവവും അരങ്ങേറി ആദ്യമായി ഒരു ഇന്ത്യന്‍ ശക്തി സാമൂതിരിയെ അടിയറവ് പറയിപ്പിച്ചു സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ പാലക്കാട് രാജാവ് സഹായം അഭ്യര്‍ഥിച്ചു വിളിച്ചു വരുത്തിയ ദിന്‍ഡിഗല്‍ ഗവര്‍ണര്‍ ഹൈദര്‍ നായിക്കിന്റെ പടനായകന്‍ മക്ദൂം അലിയുടെ മുന്നിലായിരുന്നു അത്. 1766ല്‍ അടുത്ത മാമാങ്കത്തിനുള്ള ഒരുക്കം നടക്കുന്നതിനിടയില്‍ ഹൈദര്‍ അലിയുടെയും, മദ്ധണ്ണയുടെയും കീഴിലുള്ള സൈന്യത്തിന് മുന്നില്‍ കോഴിക്കോട് സാമൂതിരി പൂര്‍ണ്ണമായും കീഴടങ്ങി അതോടെ മാമാങ്കവും എന്നെന്നേക്കുമായി അവസാനിച്ചു.
1755ലെ അവസാന മാമാങ്കത്തിന് 2നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ആധുനിക യുഗത്തില്‍ ഒരു മാമാങ്ക മഹോത്സവം കൂടി അരങ്ങേറിയിരുന്നു അത് 1999ലായിരുന്നു. വലിയ ഘോഷയാത്രയോടെ അകമ്പടിയോടെ എത്തിയ സാമൂതിരി ഏട്ടനുണ്ണി രാജ ( പി കെ ഏട്ടനുണ്ണി രാജ തിരുവന്നൂര്‍ കോവിലകം) വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നിന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ സാമൂതിരി ഏട്ടനുണ്ണിരാജയുടെ കഥകഴിക്കാന്‍ കുതിച്ചു ചാടി അവരെ സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞു തള്ളി എങ്കിലും നിളാ നദിയുടെ തീരം പഴയപോലെ ചോര കൊണ്ട് ചുവന്നില്ല എല്ലാം അഭ്യാസ പ്രകടനങ്ങള്‍ മാത്രമായിരുന്നു. 1999ലെ മലബാര്‍ ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു ഈ ദ്രശ്യാവിശ്കാരം അരങ്ങേറിയത്.
No comments:
Post a Comment