*കേരളത്തിൽ വിദ്യാഭ്യാസത്തെ നശിപ്പിച്ചത് ആരൊക്കെ?*
ഇന്ന് സ്കൂളുകളിൽ അദ്ധ്യാപനം ആകെ
അലോസരപ്പെട്ടു നിൽക്കയാണ്.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ നടത്തുന്ന അവിവേകികളുടെ ചിലപ്പിൽ ഇല്ലാതായത് ക്ലാസ് മുറികളിലെയും കാമ്പസിലെയും അച്ചടക്കമാണ് !
വലിയ തെറ്റുകൾക്ക് പോലും ഒരു ചെറിയ തല്ലു നൽകിയാൽ ശാരീരികപീഡനം .....!
കണ്ണുരുട്ടിയാൽ മാനസികപീഡനം ... !
കുട്ടിക്ക് ഡിപ്രഷൻ, രക്ഷിതാവിന് ബോധക്ഷയം--- !
ഒരു കാര്യം ചോദിക്കട്ടെ ?
രക്ഷിതാവായ നിങ്ങൾക്കും കാണില്ലേ ഓർത്തിരിക്കാൻ നല്ല അദ്ധ്യാപകർ?
അവരൊക്കെ നൽകിയ ശാസനകളും ശിക്ഷകളും നുള്ളലുകളും അടിയുമൊക്കെ മധുരിക്കുന്ന ഓർമകളായി , നിങ്ങളുടെ വളർച്ചയുടെ കാരണങ്ങളായി
ഇന്നും മനസിന്റെ മഞ്ചാടിചെപ്പിൽ കൂട്ടിവച്ചിട്ടുണ്ടാവില്ലേ?
കണക്ക് സാറിന്റെ ചെവിക്കു പിടി,
ഇമ്പോസിഷൻ എഴുതാത്തതിന് ഡെസ്കിൽ കയറ്റിനിർത്തപ്പെട്ട കൂട്ടുകാരന്റെ മുഖം,
കസേരക്കടിയിൽ നെല്ലിക്കാകുരു വച്ചതിന് ഏത്തമിടീച്ച മ്യുസിക് ടീച്ചർ,
PT സാർ "അറസ്റ്റ് " ചെയ്തപ്പോൾ നിക്കറിൽ മുളളിയത് !
അവരോടൊക്കെ പ്രതികാരം ചെയ്യണമെന്ന ചിന്തയാണോ നമ്മുടെ പഴയ വിദ്യാലയങ്ങൾ കാണുമ്പോൾ തോന്നാറ്?
---- അല്ലേയല്ല !!
നിവിൻ പോളി ഒരു സിനിമയിൽ പറഞ്ഞതു പോലെ,
"അന്ന് ബെഞ്ചിൽ കയറ്റിനിർത്തിയപ്പോൾ പോയി എന്റെ അഭിമാനം..."
അങ്ങിനെ ഇടയ്ക്കൽപ്പം അഭിമാനം നഷ്ടപ്പെട്ടത്കൊണ്ടാണ് ജീവിതത്തിന്റെ കഠിനതകളെ നേരിടാൻ മനക്കരുത്ത് കിട്ടിയത് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടില്ലേ ?
പിന്നെന്താണ് നാം നമ്മുടെ കുട്ടികളുടെ ശിക്ഷണകാര്യത്തിൽ അദ്ധ്യാപകരോട് ഇത്ര പ്രതികാരബുദ്ധി വച്ചുപുലർത്തുന്നത്?
ഒരു ചെറിയ തല്ല് കിട്ടി എന്നറിഞ്ഞാൽ, വഴക്ക് പറഞ്ഞു എന്നറിഞ്ഞാൽ, ഒന്നെഴുന്നേൽപ്പിച്ചുനിർത്തി എന്ന് കേട്ടാൽ,
ഉടൻ ഒടുങ്ങാത്ത വിറയലുമായി തുള്ളിച്ചാടുന്നത്?
വാട്ട്സാപ്പിൽ ഫോട്ടോയും പത്രത്തിൽ വാർത്തയുമായി ആ അദ്ധ്യാപകനെ മാത്രമല്ല, അദ്ധ്യാപകലോകത്തിന്റെ മുഴുവൻ ആത്മവിശ്വാസവും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ?? !!
സ്വന്തം ദേഷ്യം തീർക്കാൻ അകാരണമായി തല്ലുന്ന ടീച്ചറേയോ വെറുതേ പുലഭ്യം പറയുന്നവരെയോ ന്യായീകരിക്കുന്നില്ല.
ഗുണാകരമായ ശിക്ഷയെ അനുകൂലിക്കുന്നു എന്ന് മാത്രം.
ഒരുവിധം മോശമല്ലാതെ ക്ലാസ്സ് കൈകാര്യം ചെയ്യുന്ന ഒരു ടീച്ചർ ഇതിനെ സംബന്ധിച്ച് ഒരു യോഗത്തിൽ പറഞ്ഞത് ഓർക്കുന്നു:
"അടിക്കാതെ Homework ചെയ്ത കുട്ടികളുടെ എണ്ണം 10,
അടുത്ത ദിവസം അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്തവരുടെ എണ്ണം 15,
പിറ്റേന്ന് ഒരു ചെറിയ അടി കൊടുത്തപ്പോൾ ചെയ്തവർ 30! അഞ്ചു പേരെ എന്തു ചെയ്തിട്ടും മാറ്റാനായില്ല ! കൂടുതൽ അന്വേഷിച്ചപ്പോ മനസിലായത് വീട്ടിലെ സീരിയൽ ഭ്രമത്തെക്കുറിച്ചാണ്.
എനിക്കറിയില്ല, വെറും വായ മാത്രം വെച്ച് എത്ര ദിവസം ഒരു ടീച്ചർക്ക് പിടിച്ചുനിൽക്കാനാവും എന്ന്.."
ആധുനികതയുടെ വെല്ലുവിളികൾ നേരിടാൻ കഠിനാദ്ധ്വാനികളാക്കി വളർത്തിക്കൊണ്ടുവരേണ്ട നമ്മുടെ പുതു തലമുറയെ "വെയിലു കൊള്ളിക്കരുത്, നിർത്തരുത് , ഇരുത്തരുത്, നോക്കരുത്" എന്നൊക്കെപ്പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കയറി ഇടപെടുന്ന
ബോധമില്ലാത്ത "കമ്മീഷനുകളും" സോഷ്യൽ മീഡിയയും ചാനലുകളും, കൂടാതെ രാഷ്ടീയ ഇടപെടലുകളും ഇന്ന് വിദ്യാർത്ഥികളെ നിയന്ത്രിക്കാനും നേർവഴിക്ക് നടത്താനും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവസരം നിക്ഷേധിക്കുന്നു,
കുട്ടികളെ ശിക്ഷിക്കേണ്ട കാര്യങ്ങൾക്ക് ശിക്ഷ നൽകണം എന്ന് തന്നെ രക്ഷിതാക്കൾ കരുതണം.
-ശിക്ഷ എന്തിന് എന്ന് കുട്ടി അറിഞ്ഞിരിക്കയും വേണം.
ഒരു അധ്യാപകന് അദ്ധ്യാപനം മാത്രമല്ല ചെയ്യേണ്ടിവരാറ്. ഇടയ്ക്ക് നല്ല ഉപദേശങ്ങൾ നൽകുന്ന കൗൺസിലർ ആകണം... വയറു വേദനിച്ച് വരുന്നവനെ ചികിൽസിക്കുന്ന ഡോക്ടറാകണം... മുറിവ് കെട്ടിക്കൊടുത്ത് നേഴ്സ്സാവണം.... തമ്മിലടികൾ നീതിപൂർവ്വം കൈകാര്യം ചെയ്ത് വക്കീലും ജഡ്ജിയുമാവണം.... അടുത്തിരിക്കുന്നവന്റെ മൂക്കിനിട്ടിടിക്കുന്നവനോടും ബെല്ലടിച്ചാലും ക്ലാസ്സിൽ കയറാത്തവനോടും പോലീസ്സാവണം.... സ്നേഹം തുളുമ്പുന്ന അമ്മയാവണം... പ്രോത്സാഹിപ്പിക്കുന്ന മോട്ടിവേറ്റർ ആവണം. ചിത്രകാരനും പാട്ടുകാരനുമാവണം.
പിന്നെ, ചന്തിയിറങ്ങിയ പാൻറും ഫ്രീക്കൻ ഹെയർ െസ്റ്റെലുമായി വരുന്നവന്റെ "പേടിസ്വപ്ന"വുമാകാൻ കഴിയണം.
അതിനുള്ള സ്വാതന്ത്ര്യവും ആ മഹനീയപദവിക്ക് ആവശ്യമാണ്.
സ്വന്തം കുട്ടിയെ ശിക്ഷിച്ചു എന്ന് കേൾക്കുമ്പോൾ ഉടൻ ചാടിപ്പുറപ്പെടുന്ന പല രക്ഷിതാക്കൾക്കും
തങ്ങളുടെ കുട്ടിക്ക് അദ്ധ്യാപകൻ എന്ന പദവിയോട് നഷ്ടപ്പെടുന്ന ഭക്തിയും വിശ്വാസവും പിന്നീട് ഒരിക്കലും വീണ്ടെടുക്കാൽ കഴിയില്ല എന്നും,
അത് അവന്റെ/അവളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മൂല്യശോഷണത്തെക്കുറിച്ചും സത്യത്തിൽ അറിയില്ല.
മാത്രവുമല്ല, ഇത്തരത്തിൽ അമിതവാൽസല്യം ലഭിക്കുന്ന കുട്ടികൾ, തങ്ങളുടെ രക്ഷിതാക്കളുടെ ഈ വീക്ക്നസ് മനസിലാക്കി വളർന്നുതുടങ്ങുമ്പോൾ പിടിവാശിയും ആത്മഹത്യാ ഭീഷണിയുമൊക്കെയായി സ്വന്തം രക്ഷിതാക്കളുടെതന്നെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നവരായിത്തീരുന്നു.
ഒരേ ക്ലാസിൽത്തന്നെ വ്യത്യസ്ത കുടുബങ്ങളിൽ നിന്ന് - വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്ന് ,
വ്യത്യസ്തങ്ങളായ കഴിവുകളുള്ള,
പഠനമികവും കുറവും ഉള്ള, അനേകം കുട്ടികളെ ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഉണ്ടാകാവുന്ന ചെറിയ ചെറിയ പിഴവുകളെ പെരുപ്പിച്ചുകാട്ടാതിരിക്കുക.
അങ്ങനെ ചിന്തിക്കാനും ഗുരുക്കൻമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകാനും നമ്മുടെ രക്ഷിതാക്കൾക്ക് കഴിഞ്ഞതിനാലാണ് നമ്മുടെ ഗുരുക്കന്മാരെ നാം ഭയഭക്തി ബഹുമാനത്തോടെ ഇന്നും ആദരിക്കുന്നത്.
നമ്മുടെ കുട്ടികൾക്കും അതിനുള്ള അവസരം നൽകുക.
അല്ലെങ്കിൽ,
"നിന്റെയൊക്കെ മക്കൾ,
എനിക്കെന്ത് ചേതം ''
എന്ന സാക്ഷിഭാവത്തിലേക്ക് അദ്ധ്യാപകർ താണുപോകും .
🙏🙏🙏
No comments:
Post a Comment