മലമുകളിൽ ഒരു ‘തീ’ വെള്ളച്ചാട്ടം
യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് ഈ അത്ഭുത ദൃശ്യം കാണാനാകുക ഇവിടുത്തെ ഏറ്റവും ഉയരം കൂടിയതും പ്രശസ്തവുമായ വെള്ളച്ചാട്ടമാണ് ഹോര്‍സ് ടെയില്‍ അഥവാ കുതിര വാല്‍ വെള്ളച്ചാട്ടം. കുതിരയുടെ വാല്‍ പോലെയുള്ള രൂപമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിക്കാന്‍ കാരണം. ഈ വെള്ളച്ചാട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അതായത് ഫെബ്രുവരിയില്‍ ചില ദിവസങ്ങളില്‍ മാത്രം ഒരു പ്രത്യേക പ്രതിഭാസം ഈ വെള്ളച്ചാട്ടത്തിൽ ദൃശ്യമാകും.
ഒരു മലയുടെ അറ്റത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മറുവശത്ത് വിശാലമായ ആകാശം മാത്രം. ശൈത്യകാലത്തിന്‍റെ അവസാനമായതിനാല്‍ അത്ര ശക്തമല്ലാത്ത സൂര്യരശ്മികളാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മലയുടെ ഭാഗത്തു പതിക്കുക.ഇതിനു ചുറ്റുമുള്ള പാറയ്ക്ക് തവിട്ട് കലര്‍ന്ന ചുവപ്പ് നിറമാണ്. ഈ പാറക്കെട്ടുകളില്‍ തട്ടി സൂര്യപ്രകാശം വെള്ളച്ചാട്ടത്തിലേക്കു പ്രതിഫലിക്കുമ്പോഴാണ് തീയുടേതിന്സമാനമായ ഓറഞ്ചു നിറം വെള്ളച്ചാട്ടത്തിനു കൈവരിക.
സൂര്യൻ ചില പ്രത്യേക കോണുകളിൽ നിൽക്കുമ്പോൾ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമാകുക. സന്ധ്യാസമയത്തു മാത്രമാണ് ലാവയുടെ അതേ നിറത്തിലും ഭാവത്തിലും ഈ വെള്ളച്ചാട്ടം കാണാനാകുക. ഫയര്‍ ഫാള്‍ എന്നാണ് ഈ പ്രതിഭാസത്തെ തദ്ദേശീയര്‍ വിളിക്കുന്നത്. മലയുടെ മുകളിലെ മഞ്ഞുരുകിയാണ് ഈ വെള്ളച്ചാട്ടം രൂപം കൊള്ളുന്നത്. ഏപ്രില്‍ അവസാനം മഞ്ഞുരുകി തീരുന്നതോടെ വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കും അവസാനിക്കും. പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയിലെ വെള്ളച്ചാട്ടം വീണ്ടും കാണാനാകൂ
No comments:
Post a Comment