*പഞ്ചാരിമേളം*
ചെണ്ടമേളങ്ങളിലെ രാജാവാണ് ക്ഷേത്രോത്സവങ്ങളുടെ ജീവാത്മായ പഞ്ചാരിമേളം. ഭാഷാ നൈഷധ കർത്താവായ മഴമംഗലം നാരായണൻ നമ്പൂതിരിയാണ് പഞ്ചാരിമേളം രൂപകൽപ്പന ചെയ്തത് പിന്നീട് ഇതിനെ വാദ്യഭാഷ്യം ചമച്ചത് പണ്ടാരത്തിൽ രാമമാരാർ ആയിരുന്നു. ചെണ്ട , കൊമ്പ് , കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ സമന്വയിപ്പിച്ചുള്ള അവതരണ ശൈലിയാണ് പഞ്ചാരിയുടെ പ്രത്യേകത. ക്ഷേത്ര മതിൽകെട്ടിനകത്ത് ശീവേലികൾക്കും മറ്റും സാധാരണയായി പഞ്ചാരിയാണ് കൊട്ടുന്നത്. വലതു കയ്യിൽ കോലും തോൽപറ്റുള്ള ഇടതു കയ്യും ഉപയോഗിച്ചാണ് കൂടതലും മേളം അവതരിപ്പിക്കുന്നതെങ്കിലും ഇരു കൈകളിലും കോൽ ഉപയോഗിച്ചുള്ള രീതിയും പ്രചാരത്തിലുണ്ട്, ഇങ്ങനെ രണ്ടു തരത്തിലുള്ള അവതരണ ശൈലി കൊണ്ടും പഞ്ചാരിമേളം വ്യത്യസ്ഥത പുലർത്തുന്നു. പത്തുനാഴിക(നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. കർണ്ണാടക സംഗീതത്തിലെയും, ഹിന്ദുസ്ഥാനി സംഗീതത്തിലെയും താള ശൈലികളോട് സമാനമാണ് ആറക്ഷരകാലമുള്ള പഞ്ചാരിതാളം. സംഗീതസാന്ദ്രമായ പഞ്ചാരിമേളം 96,48,24,12,6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ അഞ്ചു കാലങ്ങളായി വിന്യസിച്ചിരിക്കുന്നു. 96 അക്ഷരകാലങ്ങൾ അഥവാ 12 ചെമ്പട വട്ടങ്ങൾ ചേർന്ന എടുപ്പ് എന്ന ആമുഖത്തോടു കൂടിയാണ് പഞ്ചാരിമേളത്തിന്റെ തുടക്കം. ഒരു മുഴുനീള പഞ്ചാരിയുടെ സമയം നാല് മണിക്കൂർ ആണെങ്കിൽ അതിന്റെ പതികാലം ആ സമയത്തിന്റെ ഏകദേശം പകുതിയോളമായിരിക്കും. ഓരോ കലാശങ്ങളിലും മേളത്തിന്റെ വേഗത വർധിക്കുകയും ഉരുളുകൈ, ഇടക്കാലം, കുഴമറിച്ചിൽ എന്നീ ഘട്ടങ്ങൾക്ക് ശേഷം അടുത്ത കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. പതികാലത്തിന്റെ അവസാന കലാശത്തിന്റെ അവസാന അക്ഷരത്തിൽ മേളപ്രമാണി അതീവ ശ്രദ്ധ ചെലുത്തുന്നു, കാരണം ഈ വേഗതയാണ് രണ്ടാംകാലത്തിന്റെ ആമുഖവുമായി സമന്വയിപ്പിക്കുന്നത്. ഇടക്കാലത്തിലെ അക്ഷരകാലവും വേഗതയും മാറ്റി നിർത്തിയാൽ ബാക്കി ചിട്ടകൾ എല്ലാം ഒന്നാംകാലം അഥവാ പതികാലത്തിനു സമമാണ്. ആറ് അക്ഷരകാലങ്ങളാൽ ക്രമീകരിച്ച അഞ്ചാംകാലമായിരിക്കും ശ്രോതാവിനെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നത്, തീരുകലാശത്തിന്റെ ദൈർഘ്യത്തിൽ വരുന്ന വ്യതിയാനത്തിൽ ജനം ആടിയുലയുന്നത് കാണാം. പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, കേളത്ത് അരവിന്ദാക്ഷൻമാരാർ തുടങ്ങിയവരെല്ലാം കൈവഴക്കത്താൽ ആസ്വാദക മനസ്സുകളെ രസച്ചരടിൽ കോർത്തെടുക്കുന്നത് ഉത്സവകേരളത്തിന് സുപരിചിതമായ കാഴ്ചയാണ്. പഞ്ചാരിപ്പെരുമയുള്ള പെരുവനത്തിന്റെ മണ്ണിലെ പുതുതലമുറയുടെ ആവേശം സതീശൻമാരാരുടെ പകരക്കാരനില്ലാത്ത പ്രമാണിത്തത്തിന് ഉത്സവകേരളം സാക്ഷിയാകാനിരിക്കുന്നതേയുള്ളൂ. കാലയവനികക്കുള്ളിൽ മറഞ്ഞ പെരുവനം അപ്പുമാരാർ, ചക്കംകുളം അപ്പുമാരാർ, തൃപ്പേക്കുളം അച്യുതമാരാർ തുടങ്ങിയവർ പുരുഷാരത്തെ മേളപ്പെരുമഴയിലലിയിച്ച പഞ്ചാരിയിലെ ഗന്ധർവ്വൻമാരായിരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൂടൽമാണിക്യം ഉത്സവം, കൊടുന്തിരപ്പുള്ളി മഹാനവമി, തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ സന്നിധിയിലെ തൃക്കേട്ട പുറപ്പാടിനുമൊക്കെ പഞ്ചാരിമേളം അതിന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചു വരുന്നു..
No comments:
Post a Comment