*ഇടവപ്പാതിമഴ*
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമർദ്ധമേഖലയിൽ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമർദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോൾ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ് ഈ ദിശാഭ്രംശം ഉണ്ടാകുന്നത്. വടക്കുകിഴക്കൻ ദിശയിൽ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ്
ഈ കാലവർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു വിളിക്കുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന് പശ്ചിമഘട്ടം എന്ന വന്മതിൽ കടക്കുന്നതിന് അല്പം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവർഷം പൊട്ടിപ്പുറപ്പെടുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളിൽ പറഞ്ഞ പോലെ അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ് ലഭിക്കുന്നത്.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. മേയ് മാസത്തിൽ ബോംബേയിൽ 33°C വരേയും പശ്ചിമഘട്ടത്തിനു കിഴക്ക് നാഗ്പൂരിൽ 43°C വരേയും താപനില ഉയരുന്നു. മേയ് അവസാനം
ആകുമ്പോഴേക്കും കാലവർഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഡെക്കാൻ പീഠഭൂമി പ്രദേശത്ത് കാലവർഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വർദ്ധിക്കുന്നു.
ഏതാണ്ട് ജൂൺ ആരംഭത്തോടെ വളരെ പെട്ടെന്ന് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുകയും, ആകാശം കാർമേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.
ജൂൺ 1-നാണ് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരത്ത് എത്തിച്ചേരുന്നതായി കണക്കാക്കുന്നത്. ജൂൺ 5 ആണ് ബോംബേയിൽ എത്തുന്ന ഔദ്യോഗികതിയതി. ജൂൺ 15-ഓടെ കാലവർഷം
ബംഗാളിലെത്തുന്നു.
കാലവർഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാർഷികമേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവർഷം എത്താൻ വൈകുന്നത് കൃഷിനാശത്തിനും, കാലവർഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടൽ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നു. കാലവർഷം ബോംബേ പോലുള്ള നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലവർഷക്കാലത്ത് മിക്കവാറും ദിനംപ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള ചിറാപുഞ്ചിയിലാണ് ഏറ്റവും കൂടുതൽ മഴലഭിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് 813 സെന്റീമീറ്റർ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ് ഇവിടത്തെ വാർഷികവർഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റർ വരെ വാർഷികവർഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ് ഈ കാലവർഷക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്.
കാലവർഷക്കാറ്റിന്റെ ബംഗാൾ ഉൾക്കടൽ ശാഖ കിഴക്കോട്ട് നീങ്ങി ഒരു വലിയ ചാപാകൃതിയിൽ ഇന്ത്യാതീരത്തിന്റെ കൂടുതൽ വടക്കു ഭാഗത്താണ് വീശിയടിക്കുന്നത്. അതുകൊണ്ട് തെക്കുപടിഞ്ഞാറൻ കാലവർഷം മൂലമുള്ള വർഷപാതം ഇന്ത്യയുടെ കിഴക്കൻ തീരത്ത്, വടക്കു നിന്ന് തെക്കോട്ട് വരുമ്പോൾ കുറഞ്ഞു കുറഞ്ഞു വരുന്നു. അതിനാൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് വടക്കുഭാഗത്തെ നെൽകൃഷി മുഴുവനും മഴയെ ആശ്രയിച്ചും തെക്കുഭാഗത്തേത് ജലസേചനത്തെ ആശ്രയിച്ചുമാണ്...!!!
No comments:
Post a Comment