നാടോടിക്കാറ്റ് റിലീസ് ആയിട്ട് മുപ്പതു വർഷം തികയുന്നു .
സത്യൻ അന്തിക്കാടിന്റെസംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വൻ വിജയം സമ്മാനിച്ചത്.
കാസിനോ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. സെഞ്ച്വറി കൊച്ചുമോൻ, മോഹൻലാൽ, ഐ.വി. ശശി, സീമ, മമ്മൂട്ടി എന്നിവർ അംഗങ്ങളായ ചലചിത്ര നിർമ്മാണ സ്ഥാപനമാണിത്. അക്കാലത്ത് സഹസംവിധായകരായി ജോലി ചെയ്തിരുന്ന ദ്വയങ്ങളായ സിദ്ദിഖ്-ലാൽ പറഞ്ഞ ഒരു രേഖാച്ചിത്രമാണു ഈ ചിത്രത്തിലെ ദാസന്റെയും വിജയന്റെയും കഥയ്ക്ക് ആധരമായത്. സത്യൻ അന്തിക്കാട് ഇത് ശ്രീനിവസന് വിവരിച്ചു കൊടുക്കുകയും ശ്രീനിവാസൻ അതിന് തിരക്കഥ ഒരുക്കുകയുമായിരുന്നു.
ഇതിന്റെ കഥയും തിരക്കഥയും മലയാള മുഖ്യധാരാസിനിമയിലെ ഏറ്റവും നല്ല ഒരു ക്ലാസിക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലുടനീളം കേരളം നേരിടുന്ന സാമൂഹിക പ്രശങ്ങളുടെ ഒരു പരിച്ഛേദം തന്നെ വരച്ചിടുന്നു. അക്കാലത്തെ അടിസ്ഥാന വിഷയങ്ങളായ തൊഴിലില്ലയ്മ, ഗൾഫ് സാധ്യതകൾ, വിദ്യാസമ്പന്നരായ യുവാക്കളുടെ വൈറ്റ് കോളർ ചിന്താഗതി ('ഞാൻ ബി.കോം ഫസ്റ്റ്ക്ലാസാണ്' എന്ന ദാസന്റെ ആത്മപ്രശംസാ പ്രകടനത്തിലൂടെ) എന്നിവ രസിപ്പിക്കുന്ന ഹാസ്യ സംഭാഷണത്തിലൂടെ പ്രകാശിപ്പിക്കുന്നു.
നിരൂപക സമൂഹത്തിനിടയിലും വാണിജ്യപരമായും ചിത്രം വൻ വിജയമാണ് നേടിയത്. ശരാശരി മലയാളിയുടെ പ്രശനങ്ങൾ തിർശ്ശീലയിൽ ചർച്ച ചെയ്യുന്ന മറ്റൊരു സത്യൻ അന്തിക്കാട് ചിത്രമാണ് അവർ ദർശിച്ചത്. തിരശ്ശീലയിലെ മോഹൻലാൽ-ശ്രീനിവാസൻ സഖ്യത്തിന്റെ നല്ലൊരു കൂട്ടുകെട്ടിനു ഉദാഹരണമായിട്ടാണ് പ്രേക്ഷകർ ഈ ചിത്രത്തെ കണക്കാകുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷവും ടി.വി. ചാനലുകളിൽ ഈ ചിത്രം പുനഃസംപ്രേഷണം ചെയ്യുമ്പോൾ അതിന് കിട്ടുന്നത് വൻ പ്രേക്ഷക സാനിധ്യമാണ്.
No comments:
Post a Comment